നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതു വരെ ഞാൻ നിന്നെ കൈവിടുകയില്ല. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ ദൈവമായ കർത്താവേ... അളവുകളും അതിരുകളുമില്ലാതെ അങ്ങു ഞങ്ങൾക്കു ദാനമായി നൽകിയ എല്ലാ സ്നേഹത്തിനും. അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിലണയുന്നു.
ഞങ്ങളോടു വാഗ്ദാനം ചെയ്തവൻ വിശ്വസ്ഥനാണെന്നും. നന്മയിലും കരുണയിലും നിത്യവും അവിടുന്ന് ഞങ്ങൾക്ക് സമീപസ്ഥനാണെന്നുമുള്ള ഉൾക്കരുത്തിൽ അനുദിനം അങ്ങയിൽ ഞങ്ങൾ വഴിനടത്തപ്പെട്ടിട്ടും. മാറ്റമില്ലാതെ തുടരുന്ന ഞങ്ങളുടെ ചില മോശമായ ജീവിത സാഹചര്യങ്ങളിൽ. നിരന്തരമായനുഭവിക്കേണ്ടി വരുന്ന കുറവുകളെയും.
പരാജയങ്ങളെയും കുറിച്ചോർത്ത് തലകുനിഞ്ഞു പോകുന്ന ഞങ്ങളുടെ കഠിനമായ വേദനകളിൽ ആർക്കും വേണ്ടാത്തതും ദൈവം പോലും കൈവിട്ടു കളഞ്ഞതുമായ ഒരു ജീവിതമാണോ ഞങ്ങളുടേത് എന്നു ചിന്തിച്ചു ഞങ്ങളും പലപ്പോഴും തളർന്നു പോകാറുണ്ട്. കർത്താവേ... അങ്ങാണല്ലോ ഞങ്ങളുടെ ദൈവം...
രക്ഷയുടെ പ്രത്യാശ അങ്ങയിലർപ്പിച്ചിരിക്കുന്ന ഞങ്ങളുടെ ഈ എളിയ ജീവിതങ്ങളെ അങ്ങു കൈവിട്ടു കളയല്ലേ. അങ്ങേയ്ക്കു വേണ്ടിയാണല്ലോ ഞങ്ങൾ കാത്തിരിക്കുന്നത്.
അങ്ങയുടെ ശാശ്വതമായ രക്ഷയും സമാശ്വാസവും ഞങ്ങളിലെത്തിച്ചേരും വരെ ദുർബലരാകാതെ ഞങ്ങളെ കാത്തു കൊള്ളുകയും അങ്ങിൽ മാത്രം ഞങ്ങളുടെ മുഴുവൻ ശക്തിയും ശരണവുമർപ്പിച്ചു ജീവിക്കാൻ അവിടുത്തെ നിരന്തര കൃപയും സഹായവുമേകി ഞങ്ങളെ അങ്ങയോട് അനുഗ്രഹിച്ചണയ്ക്കുകയും ചെയ്യണമേ...
വിശുദ്ധ അൽഫോൺസാമ്മേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ