ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. പ്രഭാത പ്രാർത്ഥന
ദിവ്യകാരുണ്യ ഈശോയേ... ഞങ്ങൾക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായുണ്ടാകാനും ആത്മാവിന്റെ ഭോജനമായി തീർന്നവനേ. ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. ആത്മാവിലും സത്യത്തിലും ജീവനിലും ഞങ്ങളങ്ങയെ ആരാധിക്കുന്നു. ദിവ്യകാരുണ്യ ഹൃദയത്തോട് പൂർണമായി ഒന്നായിരിക്കാൻ തിരുബലിയിൽ ഞങ്ങളുടെ ആത്മശരീരങ്ങളെ സമർപ്പണം ചെയ്യുന്നു. അനുദിന ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ഈ ലോകജീവിതത്തെ അത്രമേൽ ഞങ്ങൾക്കു ഭീതിതമാക്കിയാലും. ജീവിതത്തിലെ അല്ലലുകളിലും അലച്ചിലുകളിലും സമാധാനവും സന്തോഷവും എന്തെന്നറിയാത്ത വിധം ഓരോനിമിഷവും ഞങ്ങൾ ഭാരപ്പെട്ടാലും തിരുബലിയിൽ അക്ഷമരാകാതെയും പലവിചാരത്താൽ അകന്നിരിക്കാതെയും ഞങ്ങളെയവിടുന്ന് സ്വസ്ഥരാക്കണമേ.
ദിവ്യകാരുണ്യ ഹൃദയത്തിൽ നിന്നും ശക്തിയും കൃപയും സ്വീകരിച്ചു ആത്മാവിന്റെ രക്ഷയിൽ മുദ്രിതരാകാനും ജീവനിൽ സമൃദ്ധരാകാനും ഞങ്ങളെ അവിടുന്ന് അനുഗ്രഹിച്ചയക്കണമേ.അവിടുന്നു കൂടെയുണ്ടെന്ന വിശ്വാസത്തിലും ബോധ്യത്തിലും ഞങ്ങളുടെ ജീവിതത്തിലുടനീളം ധൈര്യം നിറച്ചു കൊണ്ട് ഞങ്ങളുടെ ജീവിതത്തെ ദിവ്യകാരുണ്യ സ്നേഹത്തിൽ നിരന്തരമായി അങ്ങു നയിച്ചരുളുകയും ചെയ്യണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ