ഞാൻ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും. അവർക്കു കാലിടറുകയില്ല. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ നല്ല ഈശോയേ... ഈ പ്രഭാതത്തിലും അത്യധികം മനോശരണത്തോടെ ഞങ്ങൾ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും. ഈ നിമിഷം വരെ ഞങ്ങളെ കാത്തു സൂക്ഷിച്ച അങ്ങയുടെ പൈതൃകപരിപാലനക്ക് കൃതജ്ഞതയർപ്പിക്കുകയും ചെയ്യുന്നു.
സഹിക്കാൻ കഴിയാത്ത സങ്കടങ്ങളിലൂടെയും. പരിഹരിക്കാനാവാത്ത പ്രശ്നങ്ങളിലൂടെയും. ഒരിക്കലും അവസാനിക്കില്ലെന്നു തോന്നിപ്പിച്ച ജീവിതപ്രതിസന്ധികളിലൂടെയും കടന്നു പോയപ്പോഴൊക്കെയും മറ്റാരെക്കാളുമധികമായി ഞങ്ങൾ വിശ്വസിച്ചതും. മറ്റാരിലുമധികമായി ഞങ്ങളാശ്രയിച്ചതും അങ്ങയിലാണ്.
എന്നാൽ അതൊരിക്കലും ഞങ്ങൾ രക്ഷിക്കപ്പെടണമെന്ന ആഗ്രഹം കൊണ്ടു മാത്രമായിരുന്നില്ല. ഉയർച്ചകളിൽ ഞങ്ങളെ കൈപിടിച്ചു നയിക്കുന്നതും. താഴ്ച്ചകളിൽ ഞങ്ങളെ വീണു പോകാതെ സൂക്ഷിക്കുന്നതും അങ്ങു മാത്രമാണെന്ന വിശ്വാസവും ആത്മധൈര്യവും കൂടെയുള്ളതു കൊണ്ടാണ്. സ്നേഹനാഥാ...
സഹനങ്ങളിലും സന്തോഷങ്ങളിലും അങ്ങു ഞങ്ങളുടെ കൂടെയുണ്ടെന്ന ആത്മവിശ്വാസത്തിൽ കൂടുതൽ കരുത്താർജ്ജിക്കുവാനും. മരണത്തോളം അങ്ങയോട് വിശ്വസ്തരായിരിക്കാനുമുള്ള കൃപ ഞങ്ങൾക്കു നൽകണമേ.
അങ്ങേ കാരുണ്യം ഏറ്റവും കൂടുതൽ ആവശ്യമായിരിക്കുന്ന നേരങ്ങളിൽ ഞങ്ങളുടെ സഹായത്തിനെത്തേണമേ. അനുഗ്രഹീതമായ സൗഭാഗ്യങ്ങളിലും. അസ്വസ്ഥമായ ജീവിതാവസ്ഥകളിലും ഉലയാത്ത വിശ്വാസത്തോടെ മറ്റുള്ളവർക്കു പ്രതീക്ഷ പകരുന്ന സ്തോത്രഗീതമാകുവാൻ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങ് അനുഗ്രഹിക്കുകയും ചെയ്യണമേ... അത്ഭുത പ്രവർത്തകനായ പാദുവായിലെ
വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ