ഒരു പുതിയ ഹൃദയം നിങ്ങൾക്കു ഞാൻ നൽകും. ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും. പ്രഭാത പ്രാർത്ഥന
സർവ്വനന്മ സ്വരൂപനായ ഞങ്ങളുടെ നല്ല ദൈവമേ... സ്വർഗത്തിൽ വാഴുന്നവനും. സകല കൃപാവരങ്ങളുടെയും ദാതാവുമായ അങ്ങേയ്ക്ക് കൃതജ്ഞതാ സ്തോത്രങ്ങളർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ജീവിതത്തിൽ പലപ്പോഴും ഞങ്ങളിൽ നിന്നും നന്മകൾ കൈപ്പറ്റി ജീവിച്ചവരും.
ഞങ്ങളുടെ പരിശ്രമത്താലും സഹായത്താലും ഉയർന്ന ജീവിതനിലവാരത്തിലേക്ക് മാറ്റപ്പെട്ടവരുമൊക്കെ അകാരണമായി ഞങ്ങൾക്കെതിരെ തിരിയുകയും മോശമായ സംസാരത്താലും പെരുമാറ്റത്താലും ഞങ്ങളെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ പിന്നീടൊരിക്കലും ആരെയും വിശ്വസിക്കാൻ തയ്യാറാവാത്ത ശിലാഹൃദയത്തിനുടമകളായി ഞങ്ങൾ മാറുകയും.
ആരെയും സഹായിക്കാനാവാത്ത വിധത്തിൽ ഞങ്ങളിലെ പരസ്നേഹപ്രവർത്തികൾ മന്ദീഭവിച്ചു പോവുകയും ചെയ്യാറുണ്ട്.
നല്ല ഈശോയേ. അങ്ങയുടെ മുൻപിൽ നിഷ്കളങ്ക സ്നേഹത്തിലും നന്മപ്രവർത്തനങ്ങളിലും ചരിക്കാൻ തടസമായി നിൽക്കുന്ന ഹൃദയവ്യഥകളെ ശമിപ്പിക്കുകയും. എല്ലാവിധ മന:ക്ലേശങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ നിയോഗങ്ങളെ ഹൃദയപരമാർത്ഥതയോടെ നിർവഹിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുന്ന വഴിവിളക്കുകളാകാൻ സഹായിക്കുകയും. അതിനാവശ്യമായ പുതുചൈതന്യം പകർന്നു നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...
ദൈവപുത്രന്റെ മാതാവേ... ദൈവവചനത്തിനനുസൃതമായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ... ആമേൻ