തലമുറതോറും നിന്റെ നാമം കീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും. പ്രഭാത പ്രാർത്ഥന

അമ്മേ... മാതാവേ...
ജീവിതത്തിലും മരണത്തിലും ഈശോയോടു ചേർന്നു നിൽക്കാൻ ഞങ്ങളെ സഹായിക്കുകയും. ശക്തിപ്പെടുത്തുകയും ചെയ്യുന്ന ജപമാല പ്രാർത്ഥനയിൽ ഏറ്റവും വലിയ സ്നേഹത്തോടെ ശരണമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങൾ അമ്മയോട് കൂടുതൽ ചേർന്നണയുന്നു.
ഉടയാത്ത വിശ്വാസത്തിന്റെ ഉടമകളാണെന്ന് എത്രത്തോളം അഭിമാനിച്ചാലും. ഒത്തിരി പ്രാർത്ഥിക്കുന്നവരാണെന്ന് സ്വയം അഹങ്കരിച്ചാലും ജീവിതത്തിൽ ദുഃഖങ്ങളുടെയും സഹനങ്ങളുടേയുമൊക്കെ കാഠിന്യമേറിത്തുടങ്ങുമ്പോൾ ഒരിത്തിരി വിസമ്മതഭാവത്തോടെ ചിലപ്പോഴൊക്കെ ഞങ്ങളും ദൈവത്തിൽ നിന്നും ഒന്നകന്നു നിൽക്കാൻ ശ്രമിക്കാറുണ്ട്.
ഞങ്ങളിത്രത്തോളം അങ്ങയോടു ചേർന്നിരുന്നിട്ടും. ഞങ്ങളിത്ര നാൾ അങ്ങയോടു കൂടെ ജീവിച്ചിട്ടും. ഞങ്ങൾ ഇത്രയധികം അങ്ങയോട് പ്രാർത്ഥിച്ചിട്ടും അങ്ങ് ഞങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്ന് പരാതി പറയുന്നവരായി ഞങ്ങളും മാറിപ്പോവാറുണ്ട്.
ഞങ്ങളുടെ നല്ല അമ്മേ... സർവ്വശക്തനായ ഞങ്ങളുടെ സ്വർഗ്ഗീയ പിതാവിനെ സേവിച്ച്. അവിടുത്തെ സ്നേഹത്തിന്റെ ചൂടും ചൂരുമറിഞ്ഞ്. അവിടുത്തെ സാമിപ്യത്തിൽ ജീവിക്കാൻ കഴിയുന്നതാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിലേക്ക് ഞങ്ങളെ നയിക്കേണമേ.
അപ്പോൾ ദൈവീക കരുണയിലുള്ള പരിപാല നത്തെക്കുറിച്ചുള്ള ബോധ്യത്തോടെയും. നന്ദി നിറഞ്ഞ ഹൃദയത്തോടെയും എന്നും എന്നേരവും അവിടുത്തെ ആശ്രയിക്കാനും.
അസ്വസ്ഥചിത്തരാകാതെ ആത്മാവിലെ സുകൃതപുണ്യങ്ങൾ കോർത്തിണക്കി സ്നേഹത്തിന്റെ സ്തുതിഗീതങ്ങളാലപിക്കാനും വർദ്ധിച്ച സന്തോഷത്തോടെ ഞങ്ങളും തയ്യാറാവുക തന്നെ ചെയ്യും...
പരിശുദ്ധ ജപമാലയുടെ രാജ്ഞി... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ