യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെയുണ്ടായിരിക്കും. പ്രഭാത പ്രാർത്ഥന

 
LOVE JESUS

ദിവ്യകാരുണ്യസ്ഥനായ ഈശോയേ... അനുനിമിഷം ഞങ്ങളിൽ നിറയുന്ന നവജീവനും ഗാഢമായ സ്നേഹവും നിക്ഷേപിച്ചു കൊണ്ട് ഞങ്ങളുടെ ആത്മശരീരങ്ങളെ പരിപോഷിപ്പിക്കാൻ തിരുവോസ്തിയായി ഞങ്ങളിലണയുന്ന അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. ഞങ്ങളുടെ സർവ്വസ്വവുമായി ആത്മാവിലും ജീവനിലും സ്നേഹത്തിലും അങ്ങയെ സ്വീകരിക്കുന്നു.

തന്നെ തേടുന്നവർക്ക്. പൂർണ ഹൃദയത്തോടെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് എല്ലായ്‌പ്പോഴും സമീപസ്ഥനാണല്ലോ. ജീവിതത്തിൽ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും. അലച്ചിലുകളുമൊക്കെ അധികമായി തുടരുമ്പോൾ.

രോഗവും ദുരിതങ്ങളും കടബാധ്യതകളുമൊക്കെ ഒന്നൊഴിയാതെ ഞങ്ങളെ മാത്രം തിരഞ്ഞു പിടിക്കുന്നു എന്നു തോന്നിപ്പിക്കുന്നതു പോലെ ഞങ്ങളിലേക്ക് കടന്നു വരുമ്പോൾ വിശ്വസിച്ചു ഉറക്കെ വിളിച്ചപേക്ഷിച്ചിട്ടും ദൈവം പോലും തുണയില്ലാത്ത വിധം ഞങ്ങൾ തനിച്ചായി പോയല്ലോ എന്നുള്ള ഭയവും വിപരീതചിന്തകളുമാണ് പലപ്പോഴും ഞങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നതും. മനോധൈര്യത്തെയേറെ തളർത്തി കളയുന്നതും.

ദിവ്യകാരുണ്യ ഈശോയേ... ഇന്നേ ദിവസം പരമ പരിശുദ്ധ ബലിയിൽ ഞങ്ങൾ അങ്ങയോടു പങ്കു ചേർന്നണയുമ്പോൾ അങ്ങുകൂടെയുണ്ട് എന്ന വിശ്വാസത്തിനു പകരം വയ്ക്കാൻ കഴിയുന്ന മറ്റൊരു ആശ്വാസവും ഞങ്ങളിൽ നിറഞ്ഞു കവിയാതിരിക്കട്ടെ. അങ്ങയുടെ സ്നേഹത്തിന്റെ തണുപ്പിലും തണലിലും ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ.

യുഗാന്തം വരെയും അങ്ങു ഞങ്ങളിലുണ്ടെന്ന. ഞങ്ങളോടൊപ്പമുണ്ടെന്ന ആത്മീയ ഉണർവിലും ശക്തിയുടെ കൃപയിലും അങ്ങു ഞങ്ങളിൽ ജീവിക്കുകയും വാഴുകയും ചെയ്യണമേ... പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ

Tags

Share this story

From Around the Web