ബലിയല്ല സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്‌ഞാനമാണ് എനിക്കിഷ്‌ടം. പ്രഭാത പ്രാർത്ഥന

സകലത്തിന്റെയും സൃഷ്ടാവും പരിപാലകനുമായ ഞങ്ങളുടെ നല്ല ദൈവമേ...
ഞങ്ങളുടെ ഹൃദയങ്ങളുടെ രൂപാന്തരീകരണം വഴി സ്വായത്തമാക്കേണ്ട വിശ്വാസവളർച്ചയ്ക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളണയുന്നു. അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് അങ്ങയുടെ കരബലം ഞങ്ങളുടെ ജീവിതത്തിലും അങ്ങ് പ്രകടമാക്കേണമേ.
പലപ്പോഴും ജീവിതത്തിൽ ഞങ്ങൾക്കു പ്രിയപ്പെട്ടവരുടെ ഏറ്റവുമടുത്ത ഹൃദയസ്ഥാനം ആഗ്രഹിച്ചു കൊണ്ട് എന്തും പ്രവർത്തിക്കാൻ തയ്യാറാവുമ്പോഴും, ഞങ്ങൾക്ക് അപ്രാപ്യമാണെന്ന് തോന്നുന്ന ലക്ഷ്യങ്ങൾക്കു വേണ്ടി മുന്നിലുള്ള ദുർഘടമായ നേർവഴികളുപേക്ഷിച്ച് കുറുക്കുവഴികളിലൂടെ യാത്ര ചെയ്യുമ്പോഴും മനുഷ്യരുടെ മുൻപിൽ അവ ഉചിതവും സ്വീകാര്യവുമായി തീർന്നാലും അങ്ങയുടെ ദൃഷ്ടിയിൽ നിന്നും ഞങ്ങൾ മറയ്ക്കപ്പെടുകയാണ്.
ഈശോയേ... വിശ്വാസത്തോടെയും വിവേകത്തോടെയും പ്രവർത്തിച്ച് ജീവിതലക്ഷ്യങ്ങളെ നേടിയെടുക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.
അങ്ങയുടെ വലത്തു കൈയ്യിലുള്ള ശാശ്വതമായ സന്തോഷവും, അങ്ങയുടെ സന്നിധിയിലെ ആനന്ദത്തിന്റെ പൂർണതയും പകർന്നു നൽകി നിത്യവും ജീവന്റെ മാർഗത്തിലൂടെ ചരിക്കാനുള്ള അനുഗ്രഹമേകി ഞങ്ങളെ നയിക്കേണമേ...
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ