കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്‌ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിൽ നിറഞ്ഞ മിഴികളും കൂപ്പിയ കരങ്ങളുമായി പ്രാർത്ഥനയുടെ ഹൃദയമന്ത്രത്തോടൊപ്പം ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു.
ജീവിതത്തിൽ ഉണർന്നു പ്രശോഭിക്കാനും പ്രവർത്തിക്കാനുമുള്ള പ്രചോദനങ്ങളെ ചോർത്തിക്കളയുന്നത് പലപ്പോഴും ഞങ്ങളുടെ കൂടെയുള്ളവരുടെ തന്നെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളാണ്.
ചില ദുശീലങ്ങളിൽ നിന്നുള്ള വിടുതലിനു വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുമ്പോഴൊക്കെയും ഞങ്ങൾക്കു ചുറ്റിലുണ്ടാകുന്ന വേണ്ടപ്പെട്ടവരുടെ വിപരീത പ്രതികരണങ്ങളും. ഞങ്ങളുടെ പരിമിതികൾക്കുള്ളിൽ നിൽക്കുന്ന കഴിവുകളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കാൻ പരിശ്രമിക്കുമ്പോഴുണ്ടാകുന്ന നിഷേധ മനോഭാവങ്ങളും തന്നെയാണ് പലപ്പോഴും ഞങ്ങളുടെ ആത്മവിശ്വാസത്തെ കെടുത്തിക്കളയുന്നത്.
ഈശോയേ... ആറ്റുതീരത്തു നട്ട മരം പോലെ ഞങ്ങളുടെ ആഗ്രഹങ്ങളും പ്രയത്നങ്ങളും എന്നും അങ്ങയിലേക്കു വേരൂന്നി വളരാൻ അനുഗ്രഹമരുളണമേ.ഞങ്ങളെ നിരുത്സാഹപ്പെടുത്തുന്ന വരൾച്ചയുടെ പ്രതികരണങ്ങളെയും.പ്രതികൂലങ്ങളുടെ വേനലിനെയും ഭയപ്പെടാതെ അങ്ങയിൽ ആശ്രയിക്കാനും. അവിടുത്തെ കൃപയുടെ സമൃദ്ധിയിലും പ്രത്യാശയിലും നിത്യം ഫലമണിയാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ...
സമാധാനത്തിന്റെ രാജ്ഞി... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കണമേ... ആമേൻ