കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്‌ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും. പ്രഭാത പ്രാർത്ഥന

സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ...ഈ പ്രഭാതത്തിലും അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുകയും അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് ഞങ്ങളുടെ ഒരു ശീലമായി പോയി. മരണം വരെ ഉപേക്ഷിക്കാൻ കഴിയില്ല എന്ന മുഖവുരയോടെ ഞങ്ങളിൽ വേരുറച്ചിരിക്കുന്ന ചില പിടിവാശികളുണ്ട്.
പ്രിയപ്പെട്ടവർക്ക് പോലും ചിലപ്പോഴെങ്കിലും അരോചകമായി തോന്നുന്ന ഞങ്ങളിലെ ചില പെരുമാറ്റശീലങ്ങൾ. മറ്റുള്ളവരുടെ മുൻപിൽ ഞങ്ങൾക്കുള്ള വില കുറഞ്ഞു പോകുമോ എന്നു പേടിച്ച് ഒന്നു താഴ്ന്നു കൊടുക്കാനോ.
സന്തോഷങ്ങളിലും സങ്കടങ്ങളിലും അവരോടൊപ്പം ഹൃദയം തുറന്നു പെരുമാറാനോ കഴിയാത്ത ഞങ്ങളിലെ ഗൗരവഭാവം. ഇങ്ങനെ വിട്ടുകൊടുക്കാൻ മടിച്ച് ഞങ്ങളെത്തന്നെ നിയന്ത്രിക്കുന്ന ചില സ്വയമിടങ്ങൾ ഞങ്ങളിലുണ്ട്.
ഈശോയേ. അൽപ്പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനു ശേഷം മാഞ്ഞു പോവുകയും ചെയ്യുന്ന മൂടൽ മഞ്ഞിനെ പോലെയാണ് ഞങ്ങൾ എന്ന തിരിച്ചറിവിന്റെ ബോധ്യത്തോടെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ.
അപ്പോൾ അൽപ്പകാലത്തെ ഈ ലോകജീവിതത്തിൽ സാധ്യമായ നന്മകൾ പ്രവർത്തിക്കാനും. എളിമയോടെ ദൈവതിരുമുൻപിലും. മനുഷ്യരുടെയിടയിലും വ്യാപരിക്കുവാനും ഞങ്ങളും സ്വയം സജ്ജരാവുക തന്നെ ചെയ്യും...
നീതിമാനായവിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ