നിന്റെ പ്രവൃത്തികളും സ്നേഹവും വിശ്വാസവും ശുശ്രൂഷയും ദീർഘമായ സഹനവും ഞാൻ അറിയുന്നു. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ സൃഷ്ടാവായ നല്ല തമ്പുരാനെ... ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായപ്പോഴൊക്കെയും അരികിൽ അങ്ങ് ഉണ്ടെന്ന വിശ്വാസത്താൽ ഞങ്ങളെ ആശ്വസിപ്പിച്ച അങ്ങയുടെ അളവറ്റ സ്നേഹത്തിനു നന്ദി പ്രകാശിപ്പിക്കാൻ ഈ പ്രഭാതത്തിലും ഞങ്ങളണഞ്ഞിരിക്കുന്നു.
പലപ്പോഴും മറ്റുള്ളവർക്കു വേണ്ടി സ്വയം ത്യജിക്കുമ്പോഴും, ഹൃദയം പകുത്തു നൽകി സ്നേഹിക്കുമ്പോഴും, എല്ലാത്തിലുമധികമായി അവരെ വിശ്വസിക്കുമ്പോഴും. അവരുടെ സന്തോഷത്തിനു വേണ്ടി സ്വയം മറന്നു പ്രവർത്തിക്കുമ്പോഴും ഇതൊക്കെ നേടുന്നവർ ഞങ്ങളെ മനസ്സിലാക്കുകയോ. മനസ്സിലാക്കിയാലും അംഗീകരിക്കുകയോ ചെയ്യാറില്ല.
ഈശോയേ... ഞങ്ങളുടെ പ്രവൃത്തികൾക്കൊത്ത പ്രതിഫലം നൽകുന്നവനും. ഞങ്ങളുടെ അലച്ചിലുകളെ എണ്ണുന്നവനുമായ അങ്ങ് ഞങ്ങളുടെ ഹൃദയഭാരങ്ങളെ പകുത്തെടുക്കാൻ നല്ലിടയന്റെ കരുതലോടെ എന്നും ഞങ്ങളുടെ അരികിലുണ്ടായിരിക്കേണമേ. ആരുടെയൊക്കെ ഹൃദയമിടങ്ങളിൽ ഞങ്ങൾ കുറഞ്ഞവരായിരുന്നാലും.
ആരുടെയൊക്കെ കണ്മുൻപിൽ ഞങ്ങൾ വിലയില്ലാത്തവരായാലും. ആരുടെയൊക്കെ മനസ്സുകളിൽ നിന്നും ഞങ്ങൾ പുറന്തള്ളപ്പെട്ടവരായാലും അങ്ങയുടെ ഹൃദയസ്പന്ദനങ്ങളിലെ ഒരിത്തിരി തുടിപ്പിൽ ഞങ്ങൾക്കുമൊരിടം തരേണമേ. എന്നും ഞങ്ങളുടെതു മാത്രമായൊരിടം... ഈശോയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ.
നിത്യദൈവമേ! ഞങ്ങളുടെയും ലോകമൊക്കെയുടെയും പാപങ്ങള്‍ക്കു പരിഹാരമായി അങ്ങേ ദിവ്യപുത്രന്‍റെ തിരുരക്തം ഞങ്ങൾക്കുവേണ്ടി ചിന്തിയല്ലോ. ആ തീരുമനസ്സിനേയോർത്ത് ഞങ്ങളുടെ എളിയ ജീവിതം അങ്ങയ്ക്ക് ഞങ്ങൾ കാഴ്ച സമര്‍പ്പിക്കുന്നു... ഈശോമിശിഹായുടെ ദിവ്യഹൃദയത്തിൻ പ്രകാശമേ... എന്നെ പ്രകാശിപ്പിക്കണമേ... ആമേൻ