സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. പ്രഭാത പ്രാർത്ഥന

ദിവ്യകാരുണ്യ നാഥനായ ഞങ്ങളുടെ നല്ല ഈശോയേ... ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. സ്തുതിക്കുന്നു. ആരാധിക്കുന്നു. മഹത്വപ്പെടുത്തുന്നു.
അനുദിനമുള്ള ജീവിതത്തിൽ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ ഞങ്ങളുടെ എല്ലാ പ്രതിബന്ധങ്ങൾക്കുമുള്ള പരിഹാരവും എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരവും എല്ലാ ഹൃദയഭാരങ്ങൾക്കുമുള്ള ഏകാശ്വാസവുമായി അപ്പത്തിന്റെ രൂപത്തിൽ ഞങ്ങളോടൊന്നു ചേരാൻ കൊതിക്കുന്ന ദിവ്യകാരുണ്യ നാഥനെയാണ് പരിശുദ്ധ കുർബാനയിൽ ഞങ്ങൾ സ്വീകരിക്കുന്നതും.
സ്വന്തമാക്കുന്നതും. എന്നാൽ എല്ലാറ്റിനും മതിയായ സമയവും സാഹചര്യവും ഉണ്ടായിരുന്നിട്ടും കേവലം നിസാരമായ ഒഴികഴിവുകൾ നിരത്തി ദിവ്യബലിയർപ്പണത്തിൽ പങ്കു ചേരാനോ ദിവ്യകാരുണ്യത്തിൽ അങ്ങയെ സ്വീകരിക്കാനോ തയ്യാറാവാതെ പോകുന്ന ജീവിതങ്ങളാണ് പലപ്പോഴും ഞങ്ങൾ ജീവിച്ചു തീർക്കുന്നത്.
ഓ ദിവ്യനാഥാ... ഞങ്ങളിൽ കനിയണമേ. ഞങ്ങളുടെ പരിഗണനകളെയും സമയത്തെയും കവർന്നെടുക്കുന്ന സകലത്തിനെയും മാറ്റിവച്ചു കൊണ്ട് പരിശുദ്ധ ബലിയർപ്പണത്തിൽ പങ്കു ചേരാനും ദിവ്യകാരുണ്യത്തിൽ സയോഗ്യം അങ്ങയെ സ്വീകരിക്കുവാനും ഞങ്ങളുടെ ഹൃദയങ്ങളെയും ജീവിതങ്ങളെയും ദിവ്യസ്നേഹത്താൽ തീഷ്ണമാക്കണമേ.
സകല ശക്തിയുടെയും അനുഗ്രഹത്തിന്റെയും ഉറവിടമായ ദിവ്യകാരുണ്യഹൃദയം എന്നുമെപ്പോഴും ഞങ്ങളുടെ നിത്യാനന്ദവും ആശ്രയവുമായി തീരാൻ സദാ ഞങ്ങളിൽ അവിടുത്തെ കൃപയരുളുകയും ചെയ്യണമേ. പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ