എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. പ്രഭാത പ്രാർത്ഥന

 
Jesus

ഞങ്ങളുടെ രക്ഷകനും നാഥനുമായ നല്ല ദൈവമേ... ഈ പ്രഭാതത്തിൽ ഞങ്ങളെ പൂർണമായി അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നതിനോടൊപ്പം. അങ്ങയോടുള്ള ഞങ്ങളുടെ വിശ്വസ്തതയെ ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യുന്നു. അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കുകയും കരുണയാൽ വീണ്ടെടുക്കുകയും ചെയ്യണമേ. ദേവാലയത്തിലെ ബലിയർപ്പണത്തിൽ ഏറ്റവും മുന്നിലിരുന്നു പങ്കെടുക്കാൻ ആഗ്രഹിച്ച ഒരു ബാല്യകാലം ഞങ്ങൾക്കുണ്ടായിരുന്നു.

എന്നാൽ പ്രായത്തിലും പക്വതയിലും വളർന്നപ്പോൾ അതിനൊപ്പം വിശ്വാസത്തിൽ വളരാൻ ഞങ്ങൾക്കു കഴിയാതെ പോയതു കൊണ്ടാവാം യുവത്വത്തിന്റെ ആവേശത്തിനും ആഘോഷങ്ങൾക്കുമിടയിൽ ദേവാലയത്തിന്റെ മുൻനിരസ്ഥാനത്തു നിന്നും പിന്നിലേക്കും.

പിന്നീട് ദേവാലയത്തിന്റെ പുറം കാഴചകളിലേക്കും മാത്രമായി ഞങ്ങളുടെ ഭക്തവിശ്വാസങ്ങൾ ഒതുങ്ങിപ്പോയതും. അതോടൊപ്പം അവിടുത്തെ സ്നേഹവും മാർഗ്ഗനിർദേശങ്ങളും ഞങ്ങൾക്ക് അന്യമായി തീർന്നതും.

ഈശോ നാഥാ... അങ്ങയെ മറന്ന് ഈ ലോകത്തിന്റെ മോഹങ്ങൾക്കും ചിന്തകൾക്കുമൊപ്പം സഞ്ചരിച്ച നിമിഷങ്ങളെയോർത്തും. അങ്ങയിൽ നിന്നും അകന്ന് ആത്മാവിന്റെ വിശുദ്ധിയും കൃപകളും നഷ്ടമാക്കിയ അവസരങ്ങളെയോർത്തും ഞങ്ങളിതാ അനുതപിക്കുന്നു.

പാപത്തെയും പാപസാഹചര്യങ്ങളെയും വെറുത്തുപേക്ഷിക്കാനും മറ്റുള്ളവർക്ക് ഇടർച്ചക്കു കാരണമാകാതെ ജീവിക്കാനും കൃപയേകണമേ. അങ്ങയുടെ സ്നേഹത്തിന്റെയും കരുണയുടെയും സാമിപ്യത്താൽ എന്നും അനുഗ്രഹിക്കപ്പെടാനും വിശുദ്ധിയിൽ ജീവിക്കാനുമുള്ള ഭാഗ്യവരം നൽകാൻ കനിവുണ്ടാവുകയും ചെയ്യണമേ...

വിശുദ്ധിയുടെ വിളനിലമായ മറിയമേ... ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിന് അനുരൂപമാക്കണമേ... ആമേൻ

Tags

Share this story

From Around the Web