നീ എത്ര ഉന്നതനാണോ. അത്ര മാത്രം വിനീതനാവുക. അപ്പോൾ കർത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും.പ്രഭാത പ്രാർത്ഥന

സർവ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിൽ ഞങ്ങൾ ഒന്നു ചേർന്ന് അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നതിനോടൊപ്പം ഇന്നേ ദിവസത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അങ്ങയുടെ ഹിതത്തിനും ആശിർവാദത്തിനുമായി സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അളവില്ലാത്ത അങ്ങയുടെ കാരുണ്യം കൊണ്ടു മാത്രം ജീവിതത്തിൽ നിലനിന്നു പോരുന്നവരാണു ഞങ്ങൾ. ജീവിതത്തിൽ പരസ്പരം സ്നേഹിക്കാനും ഹൃദയാനുകമ്പയോടെ പെരുമാറാനും.
സാധ്യമായ സന്തോഷവും നന്മപ്രവൃത്തികളും മറ്റുള്ളവർക്കു പകർന്നു കൊടുക്കാനും ധാരാളം അവസരങ്ങൾ അങ്ങു ഞങ്ങൾക്കു നൽകാറുണ്ട്. എന്നാൽ അവയൊന്നും വേണ്ടവിധം പ്രയോജനപ്പെടുത്താതെ മറ്റുള്ളവരെ വിധിക്കുകയും. വിലയിരുത്തുകയും മാത്രം ചെയ്യുന്നവരായി ജീവിച്ചു കൊണ്ട് കിട്ടിയ അവസരങ്ങളെ ഞങ്ങൾ പാഴാക്കി കളയുകയും.
മറ്റുള്ളവരേക്കാൾ വലിയവരായി ഭാവിച്ചു കൊണ്ട് ഹൃദയവിചാരങ്ങളിൽ സ്വയം അഹങ്കരിക്കുകയും ചെയ്യുന്നു.
കർത്താവേ. ഞങ്ങളോട് കരുണയായിരിക്കേണമേ. അങ്ങിൽ പൂർണമായി ശരണപ്പെടാനും. നിരുപാധികം അങ്ങയെ അനുസരിക്കാനും. നിരന്തരം അവിടുത്തെ കരങ്ങളുടെ കീഴിൽ താഴ്മയോടെ വ്യാപരിക്കുവാനുമുള്ള എളിമയും വിവേകവും ഞങ്ങൾക്കു നൽകണമേ.
സാധ്യമായ പരസ്നേഹപ്രവർത്തികളിലൂടെ ദൈവപരിപാലനയുടെ കരബലം പ്രകടമാക്കാനും. വിശ്വാസവും സമ്പൂർണ സമർപ്പണ ശുശ്രൂഷയും വഴി അവിടുത്തെ നാമത്തെ കൂടുതൽ മഹത്വപ്പെടുത്തുവാനും ഞങ്ങൾക്ക് ഇടയാക്കുകയും ചെയ്യണമേ...
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ