അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്. എന്റെ കണ്ണീർക്കണങ്ങൾ അങ്ങു കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട് .പ്രഭാത പ്രാർത്ഥന

സർവ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ... ഇന്നോളം വഴി നടത്തിയ അവിടുത്തെ സ്നേഹത്തിനും പരിപാലനയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ തിരുക്കരങ്ങളിൽ ഞങ്ങളെ തന്നെ പൂർണമായി സമർപ്പിക്കുന്നു.
തന്നിൽ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്ന് സുശക്തമായ അഭയവും ആശ്രയവുമാണെന്നും.ആരും വില കൽപ്പിക്കാത്ത ഞങ്ങളുടെ കണ്ണീരും ആരും പരിഗണിക്കാതെ പോകുന്ന ഞങ്ങളുടെ സഹനങ്ങൾ പോലും അവിടുത്തെ മുൻപിൽ അനാവൃതമാണെന്നും ഞങ്ങളറിയുന്നു. കർത്താവേ... അലിവോടെ അങ്ങു ഞങ്ങളെ നോക്കണമേ.
ഞങ്ങളുടെ മിഴിനീരുകളിലും സഹനഭാരങ്ങളിലും അവിടുന്നു ഞങ്ങളെ കാണുന്നുണ്ടെന്നും കരുതുന്നുണ്ടെന്നുമുള്ള ആശ്വാസത്തിന്റെ സ്പർശമേകണമേ. അവിടുത്തെ ശക്തിയിലും കൃപയിലും ഞങ്ങളെ ബലപ്പെടുത്തുകയും ജീവന്റെ പ്രകാശവും രക്ഷയുമേകി ഞങ്ങളെ അഭയമണയ്ക്കുകയും ചെയ്യണമേ... ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ... അങ്ങ് ഞങ്ങളുടെ സ്നേഹമായിരിക്കണമേ... ആമേൻ