ഉദാരമായി വായ്‌പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ
ദൈവമേ... ഈ പ്രഭാതത്തിലും എല്ലാറ്റിലുമുപരിയായ സ്നേഹത്തോടെയും പൂർണമായ ഹൃദയാർപ്പണത്തോടെയും ഞങ്ങൾ അങ്ങേ സന്നിധി തേടി വരുന്നു. അവിടുത്തെ കാരുണ്യത്തിന്റെ സമൃദ്ധിക്കൊത്തു ഞങ്ങളെ സംതൃപ്തരാക്കണമേ.ഞങ്ങളുടെ ജീവിതത്തിൽ പ്രാർത്ഥനയുണ്ട്. കൂദാശാ സ്വീകരണമുണ്ട്.
കുടുംബത്തിലും സമൂഹത്തിലും ഞങ്ങൾക്ക് സാധ്യമായ ഉപകാരനന്മകൾ ചെയ്യുന്നുമുണ്ട്. എന്നാൽ ഞങ്ങളുടെ ഹൃദയത്തിൽ നിന്നും പുറപ്പെടുന്നതാണ് അധരം സംസാരിക്കുന്നതെന്ന തിരിച്ചറിവില്ലാതെ വായിൽ വരുന്നതെന്തും മുന്നും പിന്നും നോക്കാതെ ആരോടും എടുത്തടിച്ചതു പോലെ പറഞ്ഞു മറ്റുള്ളവരെ പിണക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന ഞങ്ങളുടെ അഹന്തയെ തീരെ നിസാരമായൊരു സ്വഭാവദൂഷ്യമായി കരുതി പലപ്പോഴും ഞങ്ങൾ തീർത്തും അവഗണിച്ചു കളയാറുണ്ട്.
കർത്താവേ... ഞങ്ങളോടു പൊറുക്കണമേ. ഞങ്ങളെ പാപത്തിലേക്കു ക്ഷണിക്കുന്ന നാവിന്റെ എല്ലാ ദുർവാസനകളെയും ശാസിച്ചമർത്തണമേ.ഞങ്ങളുടെ ആത്മീയാന്ധതയ്ക്കു കാരണമാകുന്ന യാതൊരു ഇരുളും ഞങ്ങളിലേക്കു കടന്നു വരാതിരിക്കാൻ അങ്ങയുടെ പ്രകാശത്തിലൂടെ ഞങ്ങളെ നയിച്ചരുളണമേ. ആത്മാവിന്റെ മധുരവും ജീവന്റെ തണുപ്പുമായ അവിടുത്തെ കരുണയും സ്നേഹവും ഒരിക്കലും ഞങ്ങളെ വിട്ടുപിരിയാതിരിക്കാൻ ഞങ്ങളിൽ അവിടുത്തെ കൃപയേകുകയും ചെയ്യണമേ...
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ... ആമേൻ