സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്‌. പ്രഭാത പ്രാർത്ഥന

 
jesus

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... അനുതാപത്തിന്റെയും അനുഗ്രഹത്തിന്റെയും പുണ്യങ്ങൾ വിളങ്ങുന്ന നോമ്പു കാലത്തിന്റെ ഈ പരിശുദ്ധ നിമിഷങ്ങളിൽ ഞങ്ങളുടെ മനസുകളെ ആത്മീയ ചിന്തകളാൽ നിറയ്ക്കാനും. ബുദ്ധിയെ ദൈവസ്തുതികളാൽ പ്രകാശപൂരിതമാക്കാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.

ജീവിതത്തിൽ പലപ്പോഴും ഒത്തിരിയേറെ പ്രാർത്ഥിച്ചിട്ടും ആഗ്രഹിച്ച കാര്യങ്ങൾ നേടാനാകാതെ പോകുമ്പോഴും. ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത തകർച്ചകളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴും ഞങ്ങൾക്ക് നഷ്ടമാകുന്നത് വിശ്വാസമല്ല. ദൈവമറിയാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവാണ്.

ഈശോയേ... ഞങ്ങളുടെ മാനുഷിക ബുദ്ധിയും യുക്തിയും വിശ്വാസത്തെ ദുർബലമാക്കുകയും പ്രശ്നങ്ങളെ സങ്കീർണമാക്കുകയും ചെയ്യാൻ അങ്ങനുവദിക്കരുതേ.ഞങ്ങളുടെ തകർച്ചകളെയും നിരാശകളെയും പൂർണമായും അവിടുത്തെ തിരുഹിതത്തിനു സമർപ്പിക്കാനും. അവിടുന്ന് പ്രവർത്തിക്കുന്നതു വരെ പ്രത്യാശയോടെ പ്രാർത്ഥിക്കാനും. കാത്തിരിക്കാനും ആത്മാവിൽ ബലം പകർന്നു ഞങ്ങളെ സഹായിക്കണേ. എല്ലാറ്റിലുമുപരി ഞങ്ങളുടെ വിശ്വാസത്തെ കൂടുതൽ ദൃഢമാക്കാൻ അനുഗ്രഹമരുളുകയും ചെയ്യണമേ...

തിരുക്കുടുംബത്തിന്റെ പാലകനായ മാർ യൗസേപ്പിതാവേ... ഞങ്ങളുടെ കുടുംബങ്ങളെ സദാ പരിപാലിക്കേണമേ... ആമേൻ

Tags

Share this story

From Around the Web