പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്. പ്രഭാത പ്രാർത്ഥന

ഞങ്ങളെ കാത്തു പരിപാലിക്കുന്ന നല്ല ഈശോനാഥാ...
ഞങ്ങളുടെ കണ്ണുനീർ കാണുകയും. പ്രാർത്ഥന കേൾക്കുകയും. വഴിനടത്തുകയും ചെയ്യുന്ന അങ്ങേയ്ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞർപ്പിക്കുന്ന ആരാധനയും സ്തുതിയും മഹത്വവും ഇന്നുമെന്നേയ്ക്കും.
പലപ്പോഴും കണ്ണുള്ളപ്പോൾ ഞങ്ങൾ കാണാൻ മറന്ന സ്നേഹത്തിന്റെ ചില ഓർമ്മപ്പെടുത്തലുകൾ ഞങ്ങളുടെ മിഴികളെ ഈറനണിയിക്കുന്ന നൊമ്പരമായി മാറുന്നത് പ്രിയപ്പെട്ടവരുടെ വിയോഗത്തിനു ശേഷമായിരിക്കും. എവിടേക്കു തിരിഞ്ഞാലും സൂക്ഷിച്ചു പോകണേ എന്നോർമ്മിപ്പിക്കുന്ന ഒരമ്മ മൊഴിയെ.
ചെയ്യുന്ന പ്രവൃത്തികളിലും, പറയുന്ന വാക്കുകളിലും ആത്മാർത്ഥതയും സത്യസന്ധതയുമുണ്ടായിരിക്കണമെന്ന് കൂടെക്കൂടെ പറഞ്ഞു തിരുത്തുന്ന പിതാവിന്റെ സ്നേഹശാസനകളെ. ജീവിതത്തിലെ സുഖദുഃഖങ്ങളിലെല്ലാം ഇടറാത്ത സ്നേഹത്തോടെ പരിചരിച്ച ജീവിതപങ്കാളിയുടെ കളങ്കമില്ലാത്ത കരുതലിനെ.
ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും നിസാരതയോടെ ഞങ്ങൾ അവഗണിച്ചു കളഞ്ഞ പ്രിയപ്പെട്ടവരുടെ ഈ കാവൽ മിഴികൾക്ക് പലപ്പോഴും ഞങ്ങളുടെ ജീവനോളം വിലയുണ്ടായിരുന്നുവെന്ന് അവർ ഞങ്ങളുടെ അരികിലുള്ളപ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞതേയില്ല.
ഈശോയേ... ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹവരങ്ങളെ പരിഗണിക്കാതെ, മറ്റുള്ളവർ ആഗ്രഹിക്കുന്ന നിസാരമായ ഒരു പുഞ്ചിരി പോലും നാളേയ്ക്കായി മാറ്റിവയ്ക്കുന്ന ' ഞങ്ങളുടെ ഇടുങ്ങിയ ചിന്താരീതികളുടെ മേൽ തുറവിയുള്ള ഒരു ഹൃദയം നൽകി അനുഗ്രഹിക്കേണമേ.
അപ്പോൾ അരികിലുള്ളപ്പോൾ തന്നെ അന്വേഷിക്കാനും. കണ്ടെത്താനും കഴിയുന്ന ദൈവീകകൃപയെ സ്വന്തമാക്കാനുള്ള ജ്ഞാനത്താൽ ഞങ്ങളും നിറയപ്പെടുക തന്നെ ചെയ്യും...
അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ... ആമേൻ