അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. പ്രഭാത പ്രാർത്ഥന

വണക്കത്തിന് ഏറ്റവും യോഗ്യയായ മാതാവേ...
അങ്ങേ തിരുക്കുമാരനോടുള്ള ഹൃദയബന്ധം അനുദിന ജീവിതത്തിൽ അനുഭവവേദ്യമാകുന്നതിനു വേണ്ടി ഞങ്ങളിലുള്ള അഹംഭാവത്തെ ഉപേക്ഷിക്കാനുള്ള കൃപയ്ക്കായി ഈ പ്രഭാതത്തിൽ ഞങ്ങൾ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.
അപ്രിയമായ പല ജീവിതാനുഭവങ്ങളിലൂടെയും കടന്നു പോകേണ്ടി വരുമ്പോഴും. ഭൂമിയോളം താഴ്ന്നു പോകുന്ന ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും.
കൂടെ നിൽക്കുമെന്ന് വിശ്വസിച്ചു സ്നേഹിച്ചവരുടെ തിരസ്കരണങ്ങളാലും. അവഗണനകളാലും മുറിവേറ്റ ഹൃദയവിചാരങ്ങളുടെ പൊള്ളുന്ന വേനൽപ്പടർപ്പിൽ സ്വയം എരിഞ്ഞു നീറിയൊടുങ്ങുമ്പോഴും അമ്മയുടെ കരുണയുടെ മടിത്തട്ടിൽ അഭയം തേടാൻ ഞങ്ങളെ സഹായിക്കേണമേ.
ഞങ്ങളുടെ അമ്മേ... മാതാവേ... ഞങ്ങളെ നിശബ്ദരാക്കുന്ന കുറവുകളിലും. കുറച്ചിലുകളിലും. ബലഹീനതകളിലും ദൈവഹിതം തിരയാൻ ഞങ്ങളെ പഠിപ്പിക്കേണമേ. അപ്പോൾ വേറിട്ട ജീവിതവഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നാലും സഹനങ്ങൾ നൽകുന്ന തിരിച്ചറിവിലൂടെ അങ്ങേ തിരുസുതന്റെ അരികിലേക്ക് തിരിച്ചു വരാനുള്ള സ്വർഗീയ പാത ഞങ്ങൾക്കു മുന്നിലും അനാവൃതമാവുക തന്നെ ചെയ്യും...
വിശ്വാസത്തിന്റെ നിറകുടമായ മാതാവേ... വചനത്തിൽ അടിയുറച്ച ഒരു വിശ്വാസ ജീവിതം നയിക്കുവാൻ ഞങ്ങൾക്ക് വേണ്ടി അമ്മ പ്രാർത്ഥിക്കണമേ... ആമേൻ