മുൻപിലും പിൻപിലും അവിടുന്ന് എനിക്കു കാവൽ നിൽക്കുന്നു. അവിടുത്തെ കരം എന്റെ മേലുണ്ട്. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ വഴിയും സത്യവും ജീവനുമായ ഈശോയേ... അനുഗ്രഹീതമായ ഈ പുതിയ പ്രഭാതത്തിൽ ഞങ്ങളങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. അവിടുന്നു നൽകിയ എല്ലാ ദാനങ്ങൾക്കും നിറഞ്ഞ മനസ്സോടെ നന്ദിയർപ്പിക്കുന്നു.
ജീവിതത്തിൽ പലപ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടവർ അവരുടെ അറിവുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ ഞങ്ങളെ ഉപദേശിക്കുന്നതും. തിരുത്താൻ ശ്രമിക്കുന്നതും.
ഞങ്ങളുടെ ബന്ധങ്ങളിലും ആഗ്രഹങ്ങളിലും നിയന്ത്രണം വയ്ക്കുന്നതും ഇഷ്ടപ്പെടാതെ വരുമ്പോൾ ഞങ്ങളുടെ നന്മയെ മാത്രം ആഗ്രഹിക്കുന്നവരായിരുന്നിട്ടും.
അവരുടെ സ്നേഹത്തെ നിസാരമാക്കി കൊണ്ട് അവരിൽ നിന്നും അകന്നു മാറി നിൽക്കാനും അവരോടുള്ള ബന്ധത്തിൽ ഒരകൽച്ച സൂക്ഷിക്കാനും ഞങ്ങൾ പരിശ്രമിക്കാറുണ്ട്.
എന്നാൽ ജീവിതവഴികളിൽ ഞങ്ങളെ ആകർഷിക്കുന്നതും കാത്തിരിക്കുന്നതുമായ പാപപ്രേരണകളെയും ദുർവാസനകളെയും കുറിച്ചുള്ള ഭയവും ആശങ്കയുമാണ് അവരുടെ ആ കരുതലിനു പിന്നിലുള്ള സത്യമെന്ന് തിരിച്ചറിയാതെ പോകുന്നതു കൊണ്ടാണ് ജീവിതത്തിൽ പലയിടത്തും ഞങ്ങൾ തോറ്റു പോകുന്നത്. കർത്താവേ... ഞങ്ങളിൽ കനിയണമേ.
അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ നേടിയെടുക്കുകയും കരുണയോടെ വഴി നടത്തുകയും ചെയ്യണമേ. വിശ്വാസത്തിന്റെ പോരായ്മകൾ പരിഹരിച്ച് നേരായ വഴികളിലും ലക്ഷ്യങ്ങളിലും ഞങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കുകയും.
സകലത്തെയും നന്മയ്ക്കായി മാറ്റുന്ന അവിടുത്തെ കരങ്ങളാണ് ഞങ്ങളെ നയിക്കുന്നത് എന്ന ഉറച്ച വിശ്വാസബോധത്തോടെ ജീവിക്കാനുള്ള കൃപ നൽകി ഞങ്ങളുടെ ജീവിതങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...