അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. പ്രഭാത പ്രാർത്ഥന
ഞങ്ങളുടെ കർത്താവായ നല്ല ദൈവമേ... അങ്ങയുടെ ധീരനായ അനുഗാമിയും തന്നോടൊപ്പം സത്യത്തിന്റെയും ജീവന്റെയും വഴി തിരഞ്ഞെടുക്കാൻ ഏവർക്കും പ്രചോദനമേകുന്നവനുമായ അവിടുത്തെ വിശ്വസ്ത ശിഷ്യനായ വിശുദ്ധ തോമാശ്ലീഹാ തെളിച്ചു നൽകിയ വിശ്വാസ വെളിച്ചത്തിൽ പ്രശോഭിതരായ ദൈവമക്കളായി ജീവിക്കാനുള്ള അനുഗ്രഹമേകിയ അവിടുത്തെ അവർണനീയമായ സ്നേഹത്തിനു ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും.
എന്നും ജീവിക്കുന്നവനും ഞങ്ങളുടെയിടയിൽ വാണരുളുന്നവനുമായ അങ്ങയിലുള്ള വിശ്വാസത്തിലും പ്രത്യാശയിലും ദിനംപ്രതി മുന്നോട്ടു പോകും തോറും ആശങ്കകളും ദുഃഖാനർത്ഥങ്ങളുമേറി വരുന്ന ഞങ്ങളുടെ ജീവിതത്തിന്റെ അരക്ഷിതാവസ്ഥകളിലും.ഭയത്തിന്റെയും. പീഡകളുടെയും അതിദുർഘടമായ ജീവിതപാതകളിലും ധീരതയോടെ ഉറച്ചു നിൽക്കാനുള്ള വിശ്വാസ തീഷ്ണതയേകി ഞങ്ങളെ ജ്വലിപ്പിക്കണമേ.
ഏതൊരവസ്ഥയിലും അങ്ങയെ മാത്രം ഞങ്ങളുടെ കർത്താവും ദൈവവുമായി ഹൃദയത്തിൽ ഏറ്റുപറയാനും നിരന്തര ജീവിതം കൊണ്ടു പ്രഘോഷിക്കാനുള്ള ആത്മധൈര്യമേകണമേ.ഞങ്ങൾക്കു ജീവിതമെന്നാൽ ക്രിസ്തുവും മരണമെന്നാൽ നേട്ടവുമാണെന്ന ആഴമാർന്ന സ്നേഹ ശാഠ്യത്തിൽ തുടിച്ചുണരാൻ ഞങ്ങളുടെ ഹൃദയങ്ങളെയും. നിത്യജീവന്റെ തിളക്കമാർന്ന സ്വർഗ്ഗീയ മഹത്വത്തിൽ പങ്കുകാരാവാൻ ഞങ്ങളുടെ ജീവിതങ്ങളെയും സത്യവിശ്വാസത്തിൽ അങ്ങു ചേർത്തണയ്ക്കണമേ...
ഭാരതസഭയുടെ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹാ... ക്രിസ്തുവിനെ പ്രതി ജീവൻ നഷ്ടപ്പെടുത്തി ജീവൻ നേടുന്ന നിത്യ സ്നേഹത്തിലേക്കു വളരാൻ ഞങ്ങൾക്ക് അവിടുത്തെ മാധ്യസ്ഥം നൽകണമേ... ആമേൻ