അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്. പ്രഭാത പ്രാർത്ഥന
ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ... അങ്ങയെ സ്നേഹിക്കാനും ഞങ്ങളെ പൂർണമായി അവിടുത്തേക്കു സമർപ്പിക്കാനും പുതിയൊരു ദിവസം കൂടി ഞങ്ങൾക്കനുവദിച്ചു തന്ന അങ്ങയുടെ അവർണനീയ ദാനത്തിനു നന്ദിയും സ്തുതിയും.
ഈ ജീവിതവും. സുഖമോഹങ്ങളുമെല്ലാം അല്പനേരത്തേക്കു മാത്രമുള്ള മിഥ്യയാണെന്നറിഞ്ഞിട്ടും ഒരിക്കലും അവസാനിക്കാത്ത ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുകൾക്കിടയിൽ പലപ്പോഴും ജീവിക്കാൻ പോലും മറന്നു പോകുന്നവരാണ് ഞങ്ങൾ. സമ്പത്തിനും സ്ഥാനമോഹങ്ങൾക്കും പിറകേയുള്ള പാച്ചിലിനിടയിൽ വീണു കിടക്കുന്നവരെ ഒന്നു തിരിഞ്ഞു നോക്കാനോ.
അവർക്ക് ഒരു കൈത്താങ്ങാകാനോ ശ്രമിക്കാതെയും. ചുറ്റുമുള്ളവരിലും വേണ്ടപ്പെട്ടവരിലുമൊക്കെയുള്ള നിസ്സഹായതയും സഹായാഭ്യർത്ഥനയും നിറഞ്ഞ കണ്ണുകളെ കണ്ടില്ലെന്നു നടിച്ചും ഞങ്ങളുടെ നേട്ടങ്ങളിലേക്കുള്ള ഓട്ടം പൂർത്തിയാക്കാൻ പരിശ്രമിച്ചപ്പോൾ ഞങ്ങൾക്കു നഷ്ടമായത് ഞങ്ങളുടെ ആത്മാവും ജീവനും നവീകരിക്കുന്ന നിന്നിലേക്കുള്ള നിത്യജീവന്റെ വാതിൽപ്പഴുതുകളായിരുന്നു.
ഈശോയേ... ഞങ്ങളുടെ ജീവിതത്തെ പൂർണമായി അങ്ങ് ഏറ്റെടുക്കേണമേ. അങ്ങയെ മറന്നു ജീവിക്കാതിരിക്കുന്നതിനും. ഞങ്ങളുടെ എല്ലാ പ്രവർത്തികളിലും അവിടുത്തെ കരബലം പ്രകടമാകുന്നതിനും ഇടയാകുന്ന വിധം ഞങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുകയും.
ഞങ്ങളുടെ ജീവിതലക്ഷ്യങ്ങളും അതിനു തിരഞ്ഞെടുക്കുന്ന മാർഗങ്ങളും അവിടുത്തെ ഹിതത്തിന് അനുയോജ്യമാകാൻ അനുഗ്രഹമേകുകയും ചെയ്യണമേ. എല്ലാറ്റിലുമുപരി ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയാക്കി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ... നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ