നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതുംഇലകൊഴിയാത്തതുമായ വൃക്‌ഷംപോലെയാണ് അവന്‍ ;അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു. പ്രഭാത പ്രാർത്ഥന

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... അങ്ങു ഞങ്ങൾക്കു നൽകിയ എല്ലാ ദാനങ്ങൾക്കും നന്ദിയർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങൾ പ്രാർത്ഥിക്കാനണയുമ്പോൾ അവിടുത്തെ സമാധാനത്തിന്റെ സമൃദ്ധിയാൽ ഞങ്ങളെ നിറയ്ക്കുവാൻ കനിവുണ്ടാകണമേ.
ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും നേടിയെടുക്കുവാൻ ഞങ്ങൾക്കു സാധിച്ചില്ലെങ്കിലും അനുവദിച്ചു കിട്ടിയ ജീവിതവുമായി മുന്നോട്ടു പോകുവാൻ പരിശ്രമിക്കുന്നവരാണു ഞങ്ങൾ. എന്നാൽ പലപ്പോഴും ഞങ്ങളുടെ ചുറ്റുമുള്ളവരുടെയോ.
സുഹൃത്തുക്കളുടെയോ. കൂടെപ്പിറപ്പുകളുടെയോ സന്തോഷം നിറഞ്ഞ ജീവിതം കാണുമ്പോൾ. അവരുടെ ഉയർച്ചകളറിയുമ്പോൾ ഞങ്ങളുടെ ജീവിതം മാത്രമെന്താ ഇങ്ങനെയായി പോയതെന്നും. എത്ര പ്രാർത്ഥിച്ചിട്ടും. കഷ്ടപ്പെട്ടിട്ടും ഒരിക്കലും ഒരു നല്ല കാലം ഞങ്ങൾക്കുണ്ടാവാതെ പോകുന്നതെന്നും കരുതി ഞങ്ങളും സ്വയം വേദനിക്കാറുണ്ട്.
കർത്താവേ... ഞങ്ങളിൽ കനിയണമേ. എല്ലാറ്റിനെയും അതിജീവിക്കുന്ന അവിടുത്തെ കൃപയാൽ ഞങ്ങളെ നിറയ്ക്കുകയും. ആത്മാവിൽ കരുത്തു പകർന്നു ശക്തിപ്പെടുത്തുകയും ചെയ്യണമേ.
മറ്റാർക്കുമില്ലാത്ത ദുഃഖാനർത്ഥങ്ങളിലൂടെ കടന്നു പോകേണ്ടി വരുമ്പോഴൊക്കെയും മറ്റാർക്കും നൽകാത്ത സ്നേഹത്താൽ അവിടുന്ന് ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കണമേ.
എല്ലാറ്റിനെയും അതിലംഘിക്കുന്ന അവിടുത്തെ സമാധാനത്തിലും പ്രത്യാശയിലും സ്ഥിരതയോടെ നിലനിൽക്കാൻ അങ്ങു തന്നെ ഞങ്ങളെ നിരന്തരം സഹായിക്കുകയും ചെയ്യണമേ...
പരിശുദ്ധ അമ്മേ... വിമലഹൃദയ നാഥേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ