അവിടുന്ന് എന്റെ ജീവനെ മരണത്തില്‍ നിന്നും, എന്റെ പാദങ്ങളെ വീഴ്‌ചയില്‍ നിന്നും രക്‌ഷിച്ചിരിക്കുന്നു. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ നല്ല ഈശോയേ... ഈ പ്രഭാതത്തിൽ ഏറെ സ്നേഹത്തോടെ ഞങ്ങളെ വിളിച്ചുണർത്തിയതിനും. പ്രാർത്ഥനയുടെ ഉണർവ്വോടെ അവിടുത്തെ സന്നിധിയിൽ അല്പസമയം ചെലവഴിക്കാൻ അനുഗ്രഹം നൽകിയതിനും ഒരായിരം നന്ദി.
ജീവിതത്തിൽ എത്ര കഷ്ടപ്പാടും ദുരിതവുമുണ്ടായാലും അതിനെയെല്ലാം നേരിടാനും മുന്നോട്ടു ജീവിക്കാനുമുള്ള പ്രചോദനം നൽകുന്നത് ഞങ്ങളുടെ അരികിലുള്ളവരുടെ സ്നേഹവും പിന്തുണയുമാണ്.
എന്നാൽ പലപ്പോഴും അകലെയുള്ളവരുടെ വേദനകളിലും ആവശ്യങ്ങളിലുമൊക്കെ പങ്കു ചേരുന്ന ഞങ്ങൾ അരികിലുള്ളവരുടെ ആകുലതകളെ കണ്ടില്ലെന്നു നടിക്കുമ്പോഴാണ് ഹൃദയബന്ധങ്ങളിൽ വിളളലുകൾ ഉണ്ടാകുന്നതും. മുന്നോട്ടു ജീവിക്കാനുള്ള പരസ്പര പ്രേരകശക്തി ഞങ്ങളിൽ നഷ്ടപ്പെട്ടു പോകുന്നതും.
ഈശോനാഥാ... ഞങ്ങൾ അങ്ങയുടേതാണ്. അവിടുത്തെ സ്നേഹത്തിലും കരുണയിലും ആശ്രയം വച്ചു കൊണ്ടാണ് ഞങ്ങളുടെ കണ്ണുനീരുകളും പ്രാർത്ഥനകളും അർപ്പിക്കപ്പെടുന്നത്. സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട് നിരാശയിൽ കഴിയുന്ന ഞങ്ങൾക്ക് ആശ്വാസം നൽകുവാൻ തിരുമനസ്സാകണേ.
സന്തോഷവും സമാധാനവും അനുഭവിക്കാൻ സാധിക്കാത്ത ഞങ്ങളുടെ ജീവിതാവസ്ഥകളുടെ മേൽ കനിവുണ്ടാവുകയും. അങ്ങയുടെ വാഗ്ദാനമനുസരിച്ച് ഞങ്ങളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ... ദൈവത്തിന്റെ ശുദ്ധ ജനനി നിന്റെ ജനനം ഭൂമിയിൽ ഭാഗ്യപ്പെട്ടതാകട്ടെ നിന്റെ പ്രാർത്ഥന ഞങ്ങൾക്ക് കോട്ടയും ശക്തിയും അഭയവും ആയിരിക്കട്ടെ... ആമേൻ