ഞാൻ നിന്നെ ഒരുവിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. പ്രഭാത പ്രാർത്ഥന
സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ...
ഹൃദയ പരമാർത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക് എന്നും സമീപസ്ഥമായ അങ്ങയുടെ തിരുനാമത്തെ മഹത്വപ്പെടുത്തുന്നതിന് അങ്ങു കനിഞ്ഞു നൽകിയ ഈ പ്രഭാതത്തെ ഓർത്ത് അങ്ങേയ്ക്കു ഞങ്ങൾ നന്ദിയർപ്പിക്കുന്നു.
അത്രയേറെ തകർന്നു പോകുമായിരുന്ന ജീവിത മുഹൂർത്തങ്ങളിലൊക്കെയും ഒന്നു പങ്കുവച്ചാൽ കുറയുന്ന ഹൃദയഭാരവുമായി ഞങ്ങളുടെ പ്രിയപ്പെട്ടവരെ ഞങ്ങൾ സമീപിക്കാറുണ്ട്. എന്നാൽ പലപ്പോഴും അവരുടേതായ തിരക്കുകളുടെ ലോകത്ത് വ്യാപൃതരായിരിക്കുന്ന അവർക്ക് ഞങ്ങളെ ഒന്നു കേൾക്കാനോ, പരിഗണിക്കാനോ സമയമുണ്ടാവാറില്ല.
ഞങ്ങളെത്ര വലിയ സങ്കടത്തിലായിരുന്നിട്ടും, ഞങ്ങൾക്കു ചുറ്റും എല്ലാവരുമുണ്ടായിരുന്നിട്ടും ഞങ്ങളെ ഒന്നു കേൾക്കാനോ, മനസ്സിലാക്കാനോ ആരുമില്ലല്ലോ എന്ന നിരാശയോടെയും നെടുവീർപ്പോടെയുമായിരിക്കും ഞങ്ങൾ അങ്ങയെ സമീപിക്കുന്നത്. ഒന്നും പറയാതെ തന്നെ എല്ലാം അറിയുന്നവന്റെ മുന്നിലുള്ള പൂർണമായ ഹൃദയാർപ്പണവുമായി.
ഈശോയേ. സൃഷ്ടികളിൽ ആശ്രയം കണ്ടെത്തുന്നതിനേക്കാൾ സൃഷ്ടാവിൽ അഭയം പ്രാപിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ. ആരൊക്കെ ഞങ്ങളെ മറന്നാലും, ഉപേക്ഷിച്ചാലും ഞങ്ങൾക്കു വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന ഒരു ദൈവമുണ്ട് എന്നതാവട്ടെ എന്നും ഞങ്ങളുടെ ബലഹീനതയിലെ ശക്തിയും ബലവും.
നാഥാ... അത്രമേലാഴത്തിലുള്ള ഞങ്ങളുടെ വേദനകളെ അത്രമേൽ മനോഹരമായ ഒരു പ്രാർത്ഥനയായി അങ്ങയ്ക്കു സമർപ്പിക്കാൻ കൃപ ചെയ്തരുളേണമേ. വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായ അവിടുത്തെ കരുണയിലും സ്നേഹത്തിലും ആശ്വാസം കണ്ടെത്താനും, എന്നും അവിടുത്തെ ചിറകുകളുടെ സംരക്ഷണത്തിൽ അഭയം തേടാനും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...
ദൈവപുത്രന്റെ മാതാവേ... ദൈവവചനത്തിനനുസരണമായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ... ആമേൻ