ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നും അവിടുന്ന് എന്നെ കരകയറ്റി; എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്‌പുകള്‍ സുരക്ഷിതമാക്കി. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിലും പൂർണ ഹൃദയത്തോടെ ഞങ്ങൾ അങ്ങയുടെ കാരുണ്യത്തിനായി യാചിക്കുന്നു. അങ്ങയുടെ വാഗ്ദാനത്തിനൊത്ത വിധം ഞങ്ങളോട് കൃപ തോന്നണമേ.
ജീവിതത്തിൽ പലപ്പോഴും യാതൊരു കഷ്ടപ്പാടുകളും ദുഃഖങ്ങളും അറിയിക്കാതെ വളർത്തിയിട്ടും. മറ്റുള്ളവരോട് കടപ്പെട്ടിട്ടായാലും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമൊക്കെ സാധിച്ചു കൊടുത്തിട്ടും ഞങ്ങളുടെ വാക്കുകൾക്ക് വിലകൽപ്പിക്കാതെയും. തെറ്റാണെന്നറിഞ്ഞിട്ടും ഉപേക്ഷിക്കാൻ തയ്യാറാകാത്ത തങ്ങളുടെ ദുർവാശികളിലും.
സ്വാർത്ഥതാല്പര്യങ്ങളിലും മാത്രം മുഴുകി ജീവിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരെ കാണുമ്പോഴാണ് ഇതുവരെയുള്ള ഞങ്ങളുടെ കഷ്ടപ്പാടുകൾക്കും കാത്തിരിപ്പിനും യാതൊരർത്ഥവുമില്ലാതായി പോയല്ലോ എന്നു ഞങ്ങൾ വിലപിച്ചു പോകുന്നത്. കർത്താവേ... ഞങ്ങളോട് അലിവു തോന്നണമേ. നീറുന്ന എല്ലാ പ്രയാസങ്ങളുടെയിടയിലും.
കഷ്ടതകളുടെ നടുവിലും അങ്ങയുടെ തിരുമുഖം ദർശിച്ചു കൊണ്ട് മുന്നോട്ടു പോകുവാനുള്ള കരുത്തും കൃപയുമേകണമേ. ഞങ്ങളുടെ മനസ്സിന്റെ ഭാരങ്ങളെ ഏറ്റെടുക്കണമേ. ജീവിതകാലം മുഴുവൻ അങ്ങയിൽ ഞങ്ങളുടെ അധ്വാനത്തിന്റെ മഹത്വവും. മുഴുവൻ ശരണവുമർപ്പിച്ചു ജീവിക്കാൻ അനുഗ്രഹമരുളുകയും ചെയ്യണമേ... നീതിമാനായ വിശുദ്ധ യൗസേപിതാവേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ