ചുരുങ്ങിയകാലം മാത്രം അവിടുന്നുമനുഷ്യര്‍ക്കു നല്‍കി;എന്നാല്‍, ഭൂമിയിലുള്ള സകലത്തിന്റെയുംമേല്‍ അവര്‍ക്ക് അധികാരം കൊടുത്തു. പ്രഭാത പ്രാർത്ഥന
അനുഗ്രഹദാതാവായ ഞങ്ങളുടെ നല്ല ദൈവമേ...
ഈ പ്രഭാതത്തിലും അത്യധികം മനോശരണത്തോടെ അങ്ങയുടെ കരുണയിൽ വിശ്വസിച്ചു കൊണ്ട് പൂർണമായി ഞങ്ങളങ്ങയിൽ ആശ്രയിക്കുന്നു.
ജീവിതത്തിൽ എന്തിനെക്കാളുമുപരി സന്തോഷവും സമാധാനവുമുണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുടെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം പലപ്പോഴും ഞങ്ങളുടെ ഉറക്കം കെടുത്താറുണ്ട്.
അതുകൊണ്ടു തന്നെ സമാധാനത്തിലും യോജിപ്പിലും കഴിയുന്ന കുടുംബബന്ധങ്ങളിൽ സ്വാർത്ഥതയുടെ അതിർവരമ്പുകൾ തീർത്ത് ഭിന്നിപ്പുകൾ ഉണ്ടാക്കിയും.
സ്നേഹസൗഹൃദങ്ങളിൽ പുലരുന്ന ഹൃദയബന്ധങ്ങളിൽ സംശയത്തിന്റെ വിത്തു പാകി വിളളലുകൾ ഉണ്ടാക്കിയും സമാധാനത്തിന്റെ ഗോതമ്പു മണികളെ ഹൃദയനിലങ്ങളിൽ അഴുകാൻ അനുവദിക്കാതെ നിഷ്പ്രയോജനകരമായ പ്രവൃത്തികളുടെ ഇരുളിൽ ഞങ്ങൾ പൂഴ്ത്തി വയ്ക്കുന്നു.
ഈശോയേ. മറ്റുള്ളവരുടെ ജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന അന്ധകാര പ്രവൃത്തികളിൽ പങ്കു ചേരാതെ നന്മയുടെ പ്രകാശത്തിൽ ഞങ്ങളെ വഴി നടത്തേണമേ.
വിദ്വേഷമുള്ളിടത്ത് സ്നേഹവും, സന്ദേഹമുള്ളിടത്തു വിശ്വാസവും,സന്താപമുള്ളിടത്തു സന്തോഷവും വിതയ്ക്കാൻ തക്കവിധം സമാധാനത്തിന്റെ ഉപകരണങ്ങളാക്കി ക്രിസ്തുവിൽ ഞങ്ങളെ അനുരൂപരാക്കുകയും ചെയ്യണമേ... വിശുദ്ധ ജോണ്‍ ന്യുമാന്‍... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ