അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. പ്രഭാത പ്രാർത്ഥന
ദിവ്യകാരുണ്യ ഈശോയേ...
അങ്ങയെ അന്വേഷിക്കുന്നവരുടെ ഹൃദയങ്ങളെ ആഹ്ലാദിപ്പിക്കുകയും ആത്മീയതയുടെ ജയാരവം കൊണ്ട് അവരുടെ ജീവിതത്തെ നിറയ്ക്കുകയും ചെയ്യുന്ന സർവ്വശക്തനായ അങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും ഞങ്ങളെ അനുവദിച്ചതിന് നന്ദി.
എന്റെ ഹൃദയത്തിന്റെ അകക്കാമ്പിനെ ശുദ്ധിയാക്കാതെ അന്ധനായ ഫരിസേയനെ പോലെ പുറം ഭാവം മാത്രം മിനുക്കി ഞാനും പലപ്പോഴും ബലിയർപ്പണത്തിനായി അണയാറുണ്ട്. അങ്ങയെ ആശ്രയിക്കുന്നു എന്നു ഭാവിക്കുമ്പോഴും ഞാൻ നിന്നെ പ്രതി ഇത്രയധികം കരുണ ചെയ്തു. ഇത്രയധികം സ്നേഹിച്ചു.
ഇത്രയധികം പ്രാർത്ഥിച്ചു. എല്ലാറ്റിലുമുപരി ഇത്രയധികം സഹിച്ചു. എല്ലാം നിന്നെ പ്രതിയും നിനക്കു വേണ്ടിയുമാണ് എന്ന മനോഭാവത്തോടെ സ്വയം നീതികരിച്ചു..വലുതാകാൻ ശ്രമിക്കുമ്പോൾ പരിശുദ്ധമായ ബലിയർപ്പണത്തിലൂടെ എന്നിലേക്കു ചൊരിയപ്പെടേണ്ട ദൈവീക കൃപകളെല്ലാം എന്നിൽ നിഷ്പ്രയോജനകരമായി തീരുകയായിരുന്നു എന്ന യാഥാർഥ്യം ഞാൻ ഉൾക്കൊള്ളാതെ പോയി..
ഈശോയേ. അയോഗ്യതയോടെയും അഹംഭാവത്തോടെയും അങ്ങയെ ഹൃദയത്തിൽ സ്വീകരിച്ചു പോയതിനെയോർത്ത് മാപ്പു ചോദിക്കുന്നു. ഞാനൊരു പാപിയാണെന്നും ദൈവകരുണ കൊണ്ടു മാത്രം അവിടുത്തെ ദിവ്യവിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടതാണെന്നുമുള്ള എളിമ നിറഞ്ഞ മനോഭാവത്തോടെ അങ്ങയെ സമീപിക്കാനും... ഏറ്റവും ആഴമാർന്ന അനുതാപത്തോടെയും..അളവറ്റ സ്നേഹത്തോടെയും അങ്ങയെ സ്വീകരിക്കാനും ഞങ്ങളെ യോഗ്യരാക്കേണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ... ആമേൻ