തന്റെ ഭക്തന്‍മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു. പ്രഭാത പ്രാർത്ഥന
സ്നേഹ സ്വരൂപനായ ഞങ്ങളുടെ നല്ല ദൈവമേ... അങ്ങയുടെ അളവറ്റ കരുണയുടെ നിക്ഷേപത്തിൽ നിന്നും സമൃദ്ധമായ അളവിൽ ഞങ്ങളിലേക്കു ചൊരിയപ്പെടുന്ന പ്രസാദവരങ്ങൾക്ക് ഉചിതമായ കൃതജ്ഞത അർപ്പിക്കാൻ ആഗ്രഹിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ പ്രാർത്ഥനയോടെ ഞങ്ങൾ അണഞ്ഞിരിക്കുന്നു.
ജീവിതത്തിൽ പലപ്പോഴും ഞങ്ങളുടെ കൂടെയുള്ളവർ നൽകുന്ന സ്നേഹത്തിലോ കരുതലിലോ കുറവ് വരുമ്പോഴല്ല. ഞങ്ങളെ വിലകൽപ്പിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്തവരുടെ അംഗീകാരത്തിനു വേണ്ടി ആഗ്രഹിച്ചു കൊണ്ടും.
അവരുടെ ഓദാര്യത്തിനു അമിത പ്രാധാന്യവും പരിഗണനയും നൽകി കൊണ്ടും സ്വയം നഷ്ടപ്പെടുത്തുമ്പോഴാണ് ചുറ്റുമുള്ള സാനിധ്യങ്ങളെ തിരിച്ചറിയാനാവാത്ത വിധം ഞങ്ങൾ അന്ധരായി തീരുന്നത്.
ഈശോയേ... ഈ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സ്നേഹമേ. അനർഹമായ സന്തോഷങ്ങൾക്കു വേണ്ടി ആഗ്രഹിക്കാതെ അനുവദിക്കപ്പെട്ട ജീവിതത്തിൽ സംതൃപ്തരാകാൻ ഞങ്ങളെ സഹായിക്കണേ.
സ്നേഹത്തിന്റെ പൂർണതയായ അങ്ങയിൽ വിലയം പ്രാപിക്കുവോളം അസ്വസ്ഥമായ ഞങ്ങളുടെ ആത്മാവിനെ അങ്ങയുടെ തിരുമുറിവിൽ നിന്നൊഴുകുന്ന ദൈവകരുണയിൽ മറച്ചു കൊള്ളുകയും. അങ്ങയുടെ ജ്വലിക്കുന്ന സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ മുദ്രിതമാക്കുകയും ചെയ്യണമേ...
ഈശോയുടെ പരിശുദ്ധ ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ... ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു... ആമേൻ