ഉറക്കത്തിലും ഉണർവ്വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവൻ നമുക്കുവേണ്ടി മരിച്ചത്. പ്രഭാത പ്രാർത്ഥന

 
JESUS 123

ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവും പരിപാലകനുമായ ഞങ്ങളുടെ നല്ല ദൈവമേ...

ഈ പ്രഭാതത്തിൽ പ്രാർത്ഥനയോടെ അങ്ങയെ തേടാനും, പ്രാർത്ഥനയിലൂടെ അങ്ങയെ കണ്ടെത്താനും, പ്രാർത്ഥനാവരത്തിൽ അങ്ങയോടൊത്തു വസിക്കാനും ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു.ഈ ലോകത്തിൽ വളരെ ചെറിയ ഒരു ജീവിതകാലഘട്ടമാണ് ഞങ്ങൾക്കുള്ളതെങ്കിലും സ്നേഹിതരാൽ എന്നും നിറയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കാറുണ്ട്. ബാല്യത്തിന്റെ നിഷ്കളങ്കതയിലും, കൗമാരത്തിന്റെയും യൗവനത്തിന്റെയും ആഘോഷങ്ങളിലും, വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലുകളിലുമൊക്കെ സ്നേഹിതരെ അന്വേഷിക്കുകയും, ആഗ്രഹിക്കുകയുമൊക്കെ ചെയ്യുന്ന മനസ്സാണ് ഞങ്ങൾക്കുള്ളത്.

പക്ഷേ എത്രയൊക്കെ സ്നേഹിതരാൽ വലയം ചെയ്യപ്പെട്ടാലും ഞങ്ങൾ തനിച്ചായി പോയി എന്നു തോന്നുന്ന ഒരു സമയം ഞങ്ങളുടെ ജീവിതത്തിൽ വന്നു ചേരും. അത്രയേറെ പ്രിയപ്പെട്ടവരുടെ സാമിപ്യത്താൽ പോലും ആശ്വസിപ്പിക്കപ്പെടാത്ത ഒരു സാഹചര്യം ഞങ്ങളുടെ ജീവിതത്തിലും വന്നു ചേരും. ഞങ്ങളുടെ ഈശോയേ... ചുറ്റിലും ശൂന്യത മാത്രമാണെന്ന തിരിച്ചറിവിന്റെ അവസാന നിമിഷത്തിലായിരിക്കും ഞങ്ങൾ അങ്ങിലേക്ക്‌ മിഴികൾ ഉയർത്തുന്നതും, അങ്ങയുടെ ആണിപ്പഴുതുകളിൽ അഭയം തേടുന്നതും.

ഈശോയേ. അപ്പോൾ ഞങ്ങൾ കാണുന്ന അങ്ങയുടെ മിഴികൾക്ക് ഞങ്ങളുടെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറുന്ന, ഒരിക്കലും ഞങ്ങൾ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആശ്വാസത്തിന്റെ കുളിരനുഭവം പകർന്നു നൽകുന്ന അലിവിന്റെ ആർദ്ര ഭാവമായിരിക്കും. ഞങ്ങളുടെ ലോകം എന്നും വ്യർത്ഥമായ സ്നേഹവ്യഗ്രതകളുടെ നിമിഷസുഖങ്ങൾ മാത്രം തിരയുകയായിരുന്നു എന്നു ഞങ്ങൾ അറിയുന്നു ഈശോയേ.

അപ്പോഴൊക്കെയും ഞങ്ങൾക്ക് നഷ്ടപ്പെട്ടത് അങ്ങയുടെ സ്നേഹത്തിന്റെ ഹൃദയഭാവത്തിലേക്കുള്ള ചേർത്തുപിടിക്കലുകൾ ആയിരുന്നു. ഉറക്കത്തിലും ഉണർവ്വിലും ഞങ്ങളോടൊന്നിച്ചു ജീവിക്കേണ്ടതിനു വേണ്ടി സ്വന്തം മരണത്തിലൂടെ അങ്ങ് സ്വന്തമാക്കിയ ഞങ്ങളുടെ ജീവന്റെ വിലയുള്ള സ്നേഹം ഇനിയെങ്കിലും ഞങ്ങളുടെ ഹൃദയത്തിലും അനുഭവവേദ്യമാകട്ടെ നാഥാ.

അപ്പോൾ മരണത്തിന്റെ നിഴൽ വീണ താഴ് വരയിലൂടെ നടക്കുമ്പോഴും ഞങ്ങളുടെ പാദങ്ങൾ അങ്ങയുടെ സ്നേഹമാർഗത്തിൽ നിന്നും ഒരിക്കലും വ്യതിചലിക്കുകയില്ല... ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഒഴുകുന്ന തിരു രക്തമേ, തിരു ജലമേ... ഞങ്ങളെ കഴുകി വിശുദ്ധീകരിക്കേണമേ... ആമേൻ

Tags

Share this story

From Around the Web