ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടുന്ന് എനിക്ക് ഉത്തരമരുളി. അവിടുന്ന് എന്റെ ആത്മാവിൽ ധൈര്യം പകർന്ന് എന്നെ ശക്തിപ്പെടുത്തി. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ ദൈവമായ കർത്താവേ... കഷ്ടതയുടെ നാളുകളിൽ ഞങ്ങളുടെ അഭയവും കോട്ടയും ആയിരിക്കുന്നവനേ. പൂർണഹൃദയത്തോടെ അങ്ങേക്ക് നന്ദി പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങൾ അങ്ങയോടൊന്നു ചേരുന്നു.
എത്രത്തോളം വിശ്വസിച്ചിട്ടും. നാളെ എല്ലാം ശരിയാകുമെന്ന പ്രത്യാശയിൽ മുന്നോട്ടു പോകാൻ പരിശ്രമിച്ചിട്ടും ജീവിതത്തിൽ ഇന്നുവരെ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനകളും കഷ്ടപ്പാടുകളും ദുരിതങ്ങളും മാറ്റമില്ലാതെ തുടരുമ്പോഴും.
ഇന്നേ ദിവസം ഞങ്ങൾ ചെയ്തു തീർക്കേണ്ടതും പരിഹരിക്കേണ്ടതുമായ ബാധ്യതകളുടെയും പ്രതിസന്ധികളുടെയും മുന്നിൽ യാതൊരു വഴിയും തുറന്നു കിട്ടാതെ ഭാരപ്പെടേണ്ടി വരുമ്പോഴും ഞങ്ങൾക്കു നേരെ ഉയരുന്ന പ്രതികരണങ്ങളിലും പരിഹാസങ്ങളിലും പിടിച്ചു നിൽക്കാനാവാത്ത വിധം പലപ്പോഴും ഞങ്ങൾ ഭീരുക്കളും ഭാഗ്നാശരുമായി തീരുന്നു.
കരുണ നിറഞ്ഞ കർത്താവേ... ഏറ്റവും വലിയ പ്രത്യാശയോടെ ഞങ്ങളിതാ ഞങ്ങളെത്തന്നെ അങ്ങേയ്ക്കു സമർപ്പിക്കുന്നു. അവിടുന്ന് ഞങ്ങൾക്ക് തുണയായിരിക്കേണമേ. അവിടുത്തെ തൃക്കരങ്ങൾ നീട്ടി ഞങ്ങളെ സഹായിക്കുകയും.
ആത്മാവിൽ ബലം പകർന്നു ശക്തിപ്പെടുത്തുകയും ചെയ്യണമേ. ദൈവതിരുമനസ്സിനൊത്ത വിധം പ്രത്യാശയിൽ നിലനിൽക്കാനും.
അവിടുത്തെ രക്ഷയുടെ സന്തോഷത്താൽ നവജീവൻ പ്രാപിക്കാനുമുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ... വിശുദ്ധ ജോവാക്കിമേ,വിശുദ്ധ ഹന്നാ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ