ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച്‌എന്റെ വിചാരങ്ങള്‍ മനസ്സിലാക്കണമേ! പ്രഭാത പ്രാർത്ഥന
ലോകരക്ഷനും നാഥനുമായ ഞങ്ങളുടെ നല്ല ഈശോയേ...
ഈ പ്രഭാതത്തിൽ എല്ലാ ആകുലതകളും വെടിഞ്ഞ് പ്രാർത്ഥനയിലൂടെയും അപേക്ഷകളിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ ഞങ്ങളുടെ യാചനകളെ ദൈവസന്നിധിയിൽ അർപ്പിക്കുന്നു.
പലപ്പോഴും ദൈവസാനിധ്യ സ്മരണയാൽ ഞങ്ങളുടെ ആത്മാവിനെ അലങ്കരിക്കാതെ പലവിധ ചിന്തകളാൽ മനസ്സു നിറച്ചും. ഞങ്ങളുടെ ഹൃദയങ്ങളിലെ വെറുപ്പിന്റെയും വിരോധത്തിന്റെയും കളകളെ പറിച്ചെറിയാതെയും ബലിയർപ്പണത്തിനായി ഞങ്ങൾ അണയാറുണ്ട്. വേണ്ടത്ര ഭക്തിയും ഒരുക്കവും ഞങ്ങളിലില്ലെന്നറിഞ്ഞിട്ടും.
ഇന്ന് അങ്ങയെ സ്വീകരിക്കാൻ നീങ്ങൾ ഒരുങ്ങിയിട്ടുണ്ടോ എന്ന ദിവ്യകാരുണ്യനാഥന്റെ സ്വരത്തെ അവഗണിച്ചും പരിശുദ്ധ കുർബാനയിൽ പങ്കെടുത്താൽ ദിവ്യകാരുണ്യം സ്വീകരിക്കാതിരിക്കുന്നത് ശരിയല്ല എന്ന ന്യായത്തോടെ ഓരോ തവണ ഞങ്ങൾ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും ഞങ്ങളുടെ ഉള്ളിലേക്ക് കടന്നു വന്ന ഈശോ ഞങ്ങളിൽ വേദനിക്കുകയായിരുന്നു എന്ന യഥാർഥ്യത്തെ ഞങ്ങൾ ഉൾക്കൊള്ളാതെ പോയി.
ഈശോയേ. ഞങ്ങൾ സ്വർഗത്തെയും അനുഗ്രഹങ്ങളെയും വിലമതിക്കുന്നുണ്ടോ എന്നതിനുള്ള സാക്ഷ്യമായി ഞങ്ങളുടെ ഹൃദയഭാവങ്ങളെയും മുഖപ്രസാദത്തെയും പോലും പരിശോധിച്ചറിയുന്നവനായ അങ്ങ് പകർന്നു നൽകുന്ന ദൈവീക നന്മകൾ അംഗീകരിച്ച്. അവയ്ക്കു നന്ദിയുള്ളവരായി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ.
ഞങ്ങളുടെ ഹൃദയത്തിൽ ഈശോയുണ്ടെന്നുള്ള ഉത്തമബോധ്യത്തോടെ ഞങ്ങൾ ജീവിക്കാൻ തുടങ്ങുമ്പോൾ. ഭൂമിയിലെ ഏതൊരു ദേവാലയത്തിലും ഉള്ളതിനേക്കാൾ മനോഹരവും പരിശുദ്ധവുമായ സക്രാരിയായി ഞങ്ങളുടെ ഹൃദയവും അവിടുത്തെ നിത്യ വാസസ്ഥലമായി തീരുക തന്നെ ചെയ്യും... ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ... ആമേൻ