എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍;നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്‌തുതിക്കാം. പ്രഭാത പ്രാർത്ഥന
പരിശുദ്ധ അമ്മേ... വിമലഹൃദയ നാഥേ...
ഞങ്ങളുടെ ദൃഷ്ടികൾ എപ്പോഴും ദൈവത്തിങ്കലേക്ക് ഉയർന്നിരിക്കാനും. അളവില്ലാത്ത അവിടുത്തെ നന്മയിൽ പ്രകാശിതരാകാനുമുള്ള കൃപയ്ക്കായ് പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അണഞ്ഞിരിക്കുന്നു.
പലപ്പോഴും ജീവിതത്തിന്റെ ഭാഗ്യനിർഭാഗ്യങ്ങൾ ഈ ലോക ജീവിതത്തിലെ ഭൗതിക നേട്ടങ്ങളിലാണെന്ന വിശ്വാസവുമായി ഞങ്ങൾ അവിടുത്തെ അരികിൽ നിരാശയോടെ വന്നിരിക്കാറുണ്ട്. മറ്റുള്ളവരെ പോലെ ആകർഷകമായ സൗന്ദര്യമോ. കഴിവുകളോ. വാക്ചാതുര്യമോ ഞങ്ങൾക്കവകാശപ്പെടാനില്ല. തിളങ്ങുന്ന സാമ്പത്തിക നേട്ടങ്ങളോ.
കുടുംബമഹിമയോ ഞങ്ങൾക്കില്ല. അതുകൊണ്ടു തന്നെ ചുറ്റുമുള്ളവരാൽ ഞങ്ങൾ പലപ്പോഴും പരിത്യജിക്കപ്പെടുന്നു. മുൾവാക്കുകളാൽ ഞങ്ങളുടെ ഹൃദയം കുത്തിത്തുളയ്ക്കപ്പെടുന്നു. സ്വീകര്യമാകേണ്ട ഹൃദയ ഇടങ്ങളിൽ നിന്നും ഞങ്ങൾ ഒഴിവാക്കപ്പെടുന്നു. അർഹമായ പല സന്തോഷങ്ങളും ഞങ്ങൾക്കു നിഷേധിക്കപ്പെടുന്നു. എല്ലാറ്റിലുമുപരി ഈ ലോകത്തിന്റെ കണ്ണുകളിൽ ഞങ്ങൾ വെറുമൊരു ഭോഷനായി തരം താഴ്ത്തപ്പെടുന്നു.
ഞങ്ങളുടെ അമ്മേ... മാതാവേ... ഓരോ പ്രതിസന്ധികളെയും കണ്മുൻപിൽ കണ്ടു ഞങ്ങൾ തളർന്നു പോകുമ്പോഴും. ഹൃദയം നുറുങ്ങുന്ന വേദനകളിലൂടെ കടന്നു പോകേണ്ടി വരുമ്പോഴും അമ്മയുടെ വിമലഹൃദയത്താൽ ഞങ്ങളെ ശക്തിപ്പെടുത്തേണമേ.
മുറിവുകളിലും മുള്ളുകളിലും എരിഞ്ഞു നീറാതെ അമ്മയുടെ വിമലഹൃദയത്തിൻ ചാരെ അഭയം തേടാനും. ഞങ്ങളുടെ മുറിവാഴങ്ങളെ തഴുകിയുണക്കുന്ന ആ ദിവ്യസ്നേഹത്താൽ അനുനിമിഷം പ്രകാശിതരായി തീരാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ...
വിനയശീലത്തിൻ്റെ മാതൃകയായ ഈശോയുടെ തിരുഹൃദയമേ... എനീക്കു വിനയശീലം തന്നരുളണമേ... ആമേൻ