യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം.എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ ദൈവമായ കർത്താവേ... ഞങ്ങളുടെ ജീവിതത്തിന്റെ ബലവും കോട്ടയുമായവനേ. ഈ പ്രഭാതത്തിലും അത്യധികം ഉണർവ്വോടെയും പ്രത്യാശയോടെയും ഞങ്ങൾ അങ്ങേയ്ക്കു സ്തുതി പാടുന്നു.
പ്രാർത്ഥനയിലൂടെയും വിശ്വാസത്തിലൂടെയും ഓരോ ദിനവും കരുത്തു നേടാൻ ഞങ്ങൾ പരിശ്രമിക്കുന്നുണ്ടെങ്കിലും വർദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും. പരസ്പരബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും.
പ്രതികൂല സാഹചര്യങ്ങളും ഞങ്ങളെ വല്ലാതെ ദുർബലരാക്കുന്നത് അങ്ങറിയുന്നുവല്ലോ. കർത്താവേ... ഞങ്ങളുടെ വിഷമങ്ങളെയും പ്രതിസന്ധികളെയും പരിഹരിക്കണമെന്നല്ല.
അവിടുത്തെ ഹിതം പോലെ എല്ലാറ്റിനെയും തരണം ചെയ്യാനുള്ള കൃപ അവിടുന്നു ഞങ്ങൾക്കു നൽകണമെന്നും. അവിടുത്തേതായ വഴികളിലൂടെ അങ്ങു തന്നെ ഞങ്ങളെ ഉയർത്തണമെന്നും വീണ്ടെടുക്കണമെന്നുമാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്.
എന്തെന്നാൽ കർത്താവേ... ഞങ്ങൾ അവിടുത്തേതാണ്. എന്നും അങ്ങേയ്ക്കുള്ളവരായിരിക്കാൻ അവിടുന്നു തിരഞ്ഞെടുത്ത അജഗണവുമാണ്. ഞങ്ങളുടെ മേൽ അലിവുണ്ടാകണമേ...
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ