നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ ദൈവമായ കർത്താവേ... ഞങ്ങളെ അങ്ങ് ഇത്രത്തോളം സ്നേഹിക്കുവാൻ ഞങ്ങളിൽ യോഗ്യതയായി ഒന്നുമില്ലല്ലോ. അങ്ങ് ഞങ്ങള ചേർത്തു പിടിക്കുംതോറും ആ കൈകൾ തട്ടിമാറ്റി ഞങ്ങളുടെ കൊച്ചുകൊച്ചു സന്തോഷങ്ങളിലേക്കു ഞങ്ങൾ നടത്തിയ യാത്രകൾ നിരവധിയാണ്.
അവയ്‌ക്കൊന്നിനും ഞങ്ങളെ തൃപ്തിപെടുത്താൻ കഴിയില്ല എന്നു തിരിച്ചറിഞ്ഞിട്ടും വീണ്ടും ദാഹം ശമിപ്പിക്കുവാൻ ഞങ്ങൾ കുഴിച്ചതു പൊട്ടകിണറുകൾ ആണല്ലോ.
നിത്യജീവന്റെ വചസ്സുകൾ അങ്ങയുടെ പക്കലാണെന്നു അറിഞ്ഞിട്ടും ഞങ്ങൾ ലോകം നൽകുന്ന സുഖ സന്തോഷങ്ങളുടെ പിന്നാലെപോയി ഞങ്ങളെത്തന്നെ നശിപ്പിച്ചു. കർത്താവേ ഞങ്ങളുടെ മേൽ കനിയണമേ.
ജീവിതത്തെ പിടിച്ചു കുലുക്കുന്ന സംഭവങ്ങളിൽ ഞങ്ങൾ അടിപതറാതിരിക്കട്ടെ. അങ്ങയുടെ ശക്തി ഞങ്ങൾക്ക് നല്കണമേ. ഞങ്ങളുടെ ബലഹീനതകളിൽ ഞങ്ങളെ ശക്തിപ്പെടുത്തണമേ.
സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിച്ചുകൊണ്ടും മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കികൊണ്ടും ഞങ്ങളുടെ ജീവിതം ഞങ്ങൾ ധന്യമാക്കട്ടെ. ദിവ്യബലിയിൽ പങ്കുകൊള്ളാൻ സാധിക്കാത്ത മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഈ പ്രതിസന്ധിയുടെ കാലത്ത് നിരാശയ്ക്ക് അടിമപ്പെട്ടുപോയ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു.
കർത്താവേ അവിടുത്തെ വചനങ്ങൾ വായിക്കുവാനും ധ്യാനിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ആരെല്ലാം ഞങ്ങളെ മറന്നാലും മറക്കാത്ത ഈശോയ്ക്ക് എല്ലാ സ്തുതിയും പുകഴ്ചയും ഇന്നും എന്നും ഉണ്ടായിരിക്കട്ടെ... നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ... ആമേൻ