നിങ്ങൾ ഭയപ്പെടാതെ ഉറച്ചു നിൽക്കുവിൻ. നിങ്ങൾക്കു വേണ്ടി ഇന്നു കർത്താവു ചെയ്യാൻ പോകുന്ന രക്ഷാകൃത്യം നിങ്ങൾ കാണും. പ്രഭാത പ്രാർത്ഥന

എത്രയും വിശുദ്ധി നിറഞ്ഞ മാതാവേ...
ഞങ്ങളുടെ ജീവിതത്തിലെ നിലയ്ക്കാത്ത സങ്കടങ്ങളുടെ ദുരിതപെയ്ത്തിൽ നെഞ്ചു തകർന്ന നിലവിളിയോടെയും. ഒളിമങ്ങാത്ത വിശ്വാസത്തോടെയും ഞങ്ങളമ്മയുടെ ജപമണികളെ മുറുകെ പിടിക്കുന്നു.
ഒരായുസ്സിന്റെ അധ്വാനം കൊണ്ടു സ്വരുക്കൂട്ടി വച്ച ഞങ്ങളുടെ കൊച്ചു സ്വപ്നങ്ങളും. ജീവിതത്തിലെ ആകെയുള്ള സമ്പാദ്യങ്ങളും ഒരു നിമിഷം കൊണ്ടു തകർന്നടിയുന്നതു കണ്ട് ഞങ്ങളിനി എങ്ങനെ ജീവിക്കണം എന്ന ചോദ്യമുയർത്തുന്ന ദയനീയതയിലും.
ഒരു കരുണയുമില്ലാതെ ഉറ്റവരുടെയും ഉടയവരുടെയും ജീവൻ കവർന്നെടുത്ത കാലത്തിന്റെ വിരലടയാളങ്ങൾക്കു മുൻപിൽ വിറങ്ങലിച്ചു നിന്നു കൊണ്ട് ഞങ്ങളിനി എന്തിനു ജീവിക്കണം എന്ന ഭാരപ്പെടുന്ന രോദനങ്ങൾക്കു നടുവിലും കുരുങ്ങി കിടക്കുന്നത് ജീവിക്കാനുള്ള ആഗ്രഹം പോലും ബാക്കിയില്ലാത്ത വിധം എല്ലാം നഷ്ടപ്പെട്ടു പോയ നിസ്സഹായരായ മനുഷ്യജീവിതങ്ങളാണ്.
അമ്മേ... മാതാവേ... ഭൂമിക്കു മേൽ ഉയർന്നിരിക്കുന്ന ആകാശത്തോളം ഉന്നതമായ ദൈവകരുണയിൽ ആശ്രയിച്ചു കൊണ്ട് ഉള്ളുലഞ്ഞ അനുതാപത്തോടെയും നൊമ്പരത്തോടെയും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
അങ്ങ് ചെവി ചായ്ച്ചു കേൾക്കുകയും. ഞങ്ങളുടെ ജീവിതത്തിൽ വലിയ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന വിനാശങ്ങളിൽ നിന്നും. പ്രകൃതിക്ഷോഭങ്ങളിൽ നിന്നും. പ്രതികൂലമായകാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്നും.
മരണത്തിന്റെ ഭീതിജനകമായ ഇരുളിൽ നിന്നും ഞങ്ങളുടെ ജനങ്ങളെയും എല്ലാ പ്രിയപ്പെട്ടവരെയും. ഈ ലോകം മുഴുവനെയും കാത്തുകൊള്ളുകയും ചെയ്യണമേ...
വിശുദ്ധിയുടെ മാതാവേ... ഞങ്ങളെ വിശുദ്ധിയിൽ വളരാൻ പഠിപ്പിക്കേണമേ... ആമേൻ