ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പരിശുദ്‌ധനാണ് നിന്റെ രക്ഷകന്‍. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനുംനാഥനുമായ നല്ല ദൈവമേ...
എത്ര സ്തുതിച്ചാലും മതിവരാത്ത അവിടുത്തെ കാരുണ്യത്തിന് നന്ദിയർപ്പിച്ചു കൊണ്ടും. സർവ്വശക്തിയോടും കൂടെ ആത്മാവിൽ ആരാധിച്ചു കൊണ്ടും ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ അരികിലണയുന്നു. ചിലപ്പോഴൊക്കെ കരുത്തോടെയും.
ചിലപ്പോഴെങ്കിലും കണ്ഠമിടറിയും നേരിടേണ്ടി വരുന്ന അനേകം നിർണായക സാഹചര്യങ്ങൾ ഞങ്ങളെ കടന്നു പോകാറുണ്ട്. സന്തോഷവും സമാധാനവും എന്തെന്ന് ഈ ജീവിതത്തിൽ ഒരിക്കൽ പോലും ഞാനറിഞ്ഞിട്ടില്ല എന്നു പരിതപിക്കേണ്ടി വരുന്ന ആത്മാവിന്റെ ഇരുളടഞ്ഞ രാത്രികളിൽ ദൈവം പോലും ഞങ്ങളെ കൈവെടിഞ്ഞോ.
അവിടുന്ന് ഞങ്ങളെ മറന്നോ. എന്നേക്കുമായി ഞങ്ങളെ ഉപേക്ഷിച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നെടുവീർപ്പുകളായി ഞങ്ങളിൽ നിന്നും ഉയരാറുമുണ്ട്.
ഈശോയേ. ജീവിത ദുഃഖങ്ങളുടെ നീണ്ട പകലിലും. ദുരിതങ്ങളുടെ അന്ധകാരപൂരിതമായ രാത്രികളിലും പരമകാരുണ്യവാനായ അങ്ങ് ഞങ്ങളുടെ ആശ്രയമായിരിക്കേണമേ. ഞങ്ങളുടെ കണ്ണുനീരിന്റെ നാൾവഴികളിലും.
അരക്ഷിതത്വത്തിന്റെ നിസ്സഹായതയിലും ഞങ്ങളുടെ ആത്മാവിനു കാവലാളായി. ഞങ്ങളെ പിരിയാതെ അങ്ങ് ഞങ്ങളുടെ അരികിലുണ്ടായിരിക്കുകയും ചെയ്യണമേ...
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ