നീ തെറ്റുകള്‍ തിരുത്തി നേരായ മാര്‍ഗത്തിലേക്കു തിരിയുകയുംഹൃദയത്തില്‍ നിന്നു പാപം കഴുകിക്കളയുകയും ചെയ്യുക. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...
അവിടുത്തെ കാരുണ്യവും വിശ്വസ്ഥതയും അനുസ്മരിച്ചു കൊണ്ട് പുതിയൊരു പ്രഭാതത്തിലേക്ക് ഞങ്ങളെ വിളിച്ചുണർത്തിയതിന് ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും. പലപ്പോഴും അങ്ങയോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടി വരുമ്പോഴാണ് ഞങ്ങൾ ആത്മാവിൽ ദാരിദ്ര്യമനുഭവിക്കുന്നവരായി മാറിയിട്ടുള്ളത്.
ജീവിത പ്രതിസന്ധികളിൽ ഞങ്ങൾക്കു മുന്നിലുള്ള എല്ലാ പരിഹാരവഴികളും അടയുമ്പോഴും. കൂടെ നടന്നവരാലും. കൂട്ടായിരുന്നവരാലും ഒരു കൈസഹായവുമില്ലാതെ ഒറ്റപ്പെടുമ്പോഴും. പ്രാർത്ഥനയല്ലാതെ ഞങ്ങൾക്ക് വേറൊരാശ്രയവും ഇല്ലാതെ വരുമ്പോഴും. ദൈവത്തിനല്ലാതെ മറ്റാർക്കും ഞങ്ങളെ സഹായിക്കാൻ കഴിയില്ല എന്ന അനിശ്ചിതത്വത്തിന്റെ നടുവിൽ നിൽക്കുമ്പോഴുമാണ് എല്ലാറ്റിനുമൊടുവിലായി ഞങ്ങൾ അങ്ങയെ ഓർക്കുന്നതും. ഞങ്ങളുടെ ദൈവമായി പരിഗണിക്കുന്നതും.
ഈശോയേ... അങ്ങയെ മറന്നു തുടങ്ങിയ ഞങ്ങളുടെ ഹൃദയമിടങ്ങളിൽ നിന്നും കൂടുതൽ മിഴിവോടെ വീണ്ടും ഓർത്തെടുക്കാനും. അങ്ങിൽ നിന്നും മറഞ്ഞു തുടങ്ങിയ ഞങ്ങളുടെ സ്വാർത്ഥതയുടെ ഇരുൾവനങ്ങളിൽ നിന്നും ഉദിച്ചുയർന്ന് കൂടുതൽ തെളിമയോടെ അങ്ങയുടെ ചാരത്തണയാനും.
എല്ലാറ്റിലുമുപരി ഞങ്ങൾക്കു വേണ്ടി ഇന്നും ജീവിക്കുന്ന അങ്ങേയ്ക്കായി ഞങ്ങളുടെ ആയുസ്സിന്റെ ഒരു ദിവസ്സമെങ്കിലും മുഴുവൻ സ്നേഹവും പകർന്നു നൽകി ജീവിച്ചു മരിക്കാനും ഞങ്ങളേയും പ്രാപ്തനാക്കേണമേ... അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ