നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്നു നിന്നെ താങ്ങിക്കൊള്ളും;നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല. പ്രഭാത പ്രാർത്ഥന
കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ...
അങ്ങയുടെ അടുക്കലേക്ക് തിരിയുന്നവരോട് അവിടുന്ന് പ്രദർശിപ്പിക്കുന്ന വലിയ കാരുണ്യത്തിലും ക്ഷമയിലും ശരണം വച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അങ്ങയുടെ മുഖം ദർശിക്കുവാനുള്ള അനുഗ്രഹം യാചിച്ചണയുന്നു.
ജീവിതത്തിൽ നാളിതുവരെ നേടിയതൊക്കെയും സ്വന്തം അധ്വാനത്തിന്റെയും കഴിവിന്റെയും ബലത്തിലാണെന്ന അഹങ്കാരത്തോടെ ഹൃദയത്തിൽ ഒരു ബാബേൽ ഗോപുരം പണിതുയർത്തിയവരാണ് ഞങ്ങൾ. എന്നാൽ കെട്ടിയുയർത്തിയതെല്ലാം തകർന്നടിയുമ്പോൾ.
ജീവിതത്തിൽ പരാജയങ്ങളുടെ രുചിയറിഞ്ഞു തുടങ്ങുമ്പോൾ. പരാതിയുടെയും കുറ്റപ്പെടുത്തലുകളുടെയും മേമ്പൊടിയോടെ ഞങ്ങൾ പ്രാർത്ഥിച്ചു തുടങ്ങും.
കരുണ തോന്നി ദൈവം കനിഞ്ഞനുഗ്രഹിച്ചാൽ ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കാൻ പരിശ്രമിക്കുന്നതിനു പകരം എല്ലാം ഞങ്ങളുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണെന്നു ഹൃദയത്തിൽ അഹങ്കരിച്ചു കൊണ്ട് വീണ്ടും ഞങ്ങൾ വീമ്പു പറഞ്ഞു തുടങ്ങും.
ഈശോയേ. അവിടുന്ന് ദാനമായി നൽകിയതല്ലാതെ യാതൊന്നും ഞങ്ങളിലില്ല എന്ന തിരിച്ചറിവോടെ ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ. ഈ നിമിഷം വരെ ഞങ്ങളെ നിലനിർത്തിയതും.
ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്തതും അങ്ങയുടെ സ്നേഹവും കാരുണ്യവും ഒന്നുമാത്രമാണ്. ആകയാൽ ഞങ്ങളോട് ഔദാര്യം കാണിക്കാനും. അനുഗ്രഹിച്ചുയർത്താനും കാത്തിരിക്കുന്ന അവിടുത്തെ മുൻപിൽ സ്വയം എളിമപ്പെടാനും.
ആത്മാവിൽ ദരിദ്രരായി ജീവിച്ചു കൊണ്ട് സ്വർഗ്ഗഭാഗ്യം സ്വന്തമാക്കാനും ഞങ്ങളെ സഹായിക്കേണമേ... ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ... ആമേൻ