വരുന്നു. പ്രഭാത പ്രാർത്ഥന

 
jesus

രാജാധിരാജനായ ഈശോയേ...

ഹൃദയത്തിന് മാധുര്യവും ആനന്ദവും ഉണർത്തുന്ന ഹോസാന സ്തുതിസ്തോത്രങ്ങളോടെ ഈ പ്രഭാതത്തിന്റെ അനുഗ്രഹീത നിമിഷങ്ങളിൽ ഞങ്ങളങ്ങയെ ആരാധിക്കുവാൻ അണഞ്ഞിരിക്കുന്നു.ഈശോയേ... കുട്ടിക്കാലത്ത് കേട്ടുപഴകിയ കഥകളിലും നിറമുള്ള കാഴ്ച്ചകളിലുമൊന്നും വിനയാന്വിതനായി കഴുതപ്പുറത്ത് എഴുന്നള്ളുന്ന ഒരു രാജാവിനെക്കുറിച്ച് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല.അതുകൊണ്ടാവും സ്വപ്നങ്ങളിൽ പോലും രാജാവായി ഞങ്ങളൊരിക്കലും അങ്ങയുടെ മുഖം തിരയാതിരുന്നത്.

എങ്കിലും ഹോസാന എന്നു കേൾക്കുമ്പോൾ ഇപ്പോഴും മനസ്സു നിറഞ്ഞു കവിയുന്ന ആനന്ദത്തെ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. ഹോസാനയിൽ മാത്രം മുഴങ്ങിക്കേട്ട സ്തുതിപാടലുകളെക്കുറിച്ചും അങ്ങയ്ക്കു ലഭിച്ച രാജകീയമായ വരവേൽപ്പിനെക്കുറിച്ചും ഞങ്ങളിപ്പോൾ ഓർക്കുകയായിരുന്നു.അന്യായമായ ന്യായവിസ്താരങ്ങളുടെ മുന്നിൽ പെട്ടപ്പോൾ എത്ര പെട്ടെന്നാണവർ കള്ളസാക്ഷ്യങ്ങൾ ഉണ്ടാക്കിയതും. സ്തുതിപാടകരുടെ നിലപാടുകൾ പോലും മാറിമറിഞ്ഞതും.

ഈശോയേ... ഹോസാന പാടി എതിരേറ്റവർ പോലും നിശബ്ദരായിരുന്നപ്പോഴും,സന്തോഷത്തോടെ ഭക്ഷിച്ചു തൃപ്തിയടഞ്ഞവർ പോലും കൂട്ടത്തിൽ കൂടി അവനെ ക്രൂശിക്കുക എന്നാർത്തു വിളിച്ചപ്പോഴും അവരിലേക്കുള്ള ഒരു നോട്ടത്തിൽ പോലും കനലുകളെരിയാതെയും. അധിക്ഷേപങ്ങളിൽ മനമിടറാതെയും. അപഹാസ്യങ്ങൾക്കു നേരെ മുഖം തിരിക്കാതെയും അസത്യമായ കുറ്റാരോപണങ്ങളിൽ സ്വയം മറന്നു പ്രതികരിക്കാതെയും അചഞ്ചലനായി നിലകൊണ്ടപ്പോൾ ഉന്നതത്തിൽ നിന്നുള്ള ദൈവമഹത്വത്തെ മാത്രം അഭിലഷിച്ചു കൊണ്ട് അങ്ങ് പിതാവിനോടുള്ള അനുസരണം പൂർത്തിയാക്കുകയായിരുന്നുവല്ലോ.

ദുഃഖത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കേണ്ടി വരുമ്പോഴും,സന്തോഷത്തിന്റെ അതിമധുരം നുകരുമ്പോഴും ഒരേ മനസ്സോടെയും ഹൃദയത്തോടെയും നിനക്കു സ്തുതി പാടുവാൻ ഞങ്ങളുടെ അധരത്തെ ഒരുക്കേണമേ നാഥാ... ഈ ലോകത്തിലെ നശ്വരമായ നേട്ടങ്ങളിൽ ഭ്രമിച്ച് അങ്ങെന്ന സ്വർഗ്ഗസന്തോഷത്തെ ഞങ്ങളൊരിക്കലും നഷ്ടപ്പെടുത്താതിരിക്കട്ടെ. അങ്ങിലേക്ക് ഉയരുന്ന സ്വരവും. അങ്ങയ്ക്കു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഞങ്ങളും അങ്ങയുടെ കാൽവരിബലിയിലെ സ്നേഹപ്രവഹത്തിന്റെ പൂർണതയിൽ നിത്യമായി നിന്നോട് അലിഞ്ഞു ചേരട്ടെ...

ദാവീദിന്റെ പുത്രന് ഹോസാന... കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ... ഉന്നതങ്ങളിൽ ഹോസാന... ആമേൻ

Tags

Share this story

From Around the Web