അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; പ്രഭാത പ്രാർത്ഥന

 
 jesus christ-64

ആർദ്രഹൃദയനും പരിശുദ്ധനുമായ ഞങ്ങളുടെ നല്ല ദൈവമേ...

അങ്ങയുടെ കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുവാനും അതിൽ നിലനിൽക്കുവാനുമുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിലും ഞങ്ങൾ അണഞ്ഞിരിക്കുന്നു. പലപ്പോഴും പല അപകടങ്ങളെയും രോഗങ്ങളെയും ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങൾ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ് എന്നു തോന്നിയിട്ടുണ്ട്.

വേണ്ടപ്പെട്ടവർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ട് ചെയ്യരുത് എന്നു വിലക്കുന്ന കാര്യങ്ങൾ എന്തോ വാശിയുള്ളതു പോലെ ചെയ്യാൻ ശ്രമിക്കും. അതിന്റെ അപകടസാധ്യതകളെ കുറിച്ച് അറിവുള്ളവർ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാലും അതനുസരിക്കുന്നത് എനിക്ക് കുറച്ചിലാണെന്നും ചെയ്തു കാണിക്കുന്നതാണ് ഹീറോയിസം എന്നുമുള്ള അഹങ്കാരത്തോടെ ഞങ്ങൾ മുന്നോട്ടു പോവുക തന്നെ ചെയ്യും. അതിന്റെ ഫലമായി വന്നു ചേരുന്ന ദുരവസ്ഥയിലാണ് ഞങ്ങളിൽ പലരും മുന്നറിയിപ്പുകളുടെയും ശാസനകളുടെയും വിലയറിയുന്നത്.

ഈശോയേ. ഉത്തമമായ വഴികളിലൂടെ ചരിക്കുവാനും, അധ്വാനിച്ച് കുടുംബം പുലർത്തുവാനുമുള്ള വിവേകവും അറിവും ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. ഞങ്ങളിലുള്ള വെളിച്ചത്തെ ഇരുളാകാൻ അനുവദിക്കാതെ ശരിയായ ബോധ്യത്തോടെ അനുയോജ്യമായ ജീവിതലക്ഷ്യം കൈവരിക്കാൻ ഞങ്ങളെ സഹായിക്കേണമേ.

ഈ നാളുകളിൽ ദുഷ്പ്രവൃത്തികൾക്കെതിരെയും ദുർചിന്തകൾക്കെതിരെയും ജാഗരൂകതയോടെ വർത്തിക്കാനും അങ്ങനെ അങ്ങയുടെ ദീർഘക്ഷമയും കാരുണ്യവും സ്വന്തമാക്കുവാനും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...

ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെമേൽ അലിവായിരിക്കണമേ... ആമേൻ

Tags

Share this story

From Around the Web