കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...
മക്കൾ ദൈവത്തിന്റെ ദാനമാണെന്നും. ഉദരഫലം അങ്ങയുടെ ഏറ്റവും വലിയ സ്നേഹസമ്മാനമാണെന്നും വിശ്വസിക്കുന്ന ഈ ഭൂമിയിലെ ഏറ്റവും നല്ല മാതാപിതാക്കളെ നൽകിയതിനെയോർത്ത് നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥനയ്ക്കായി ഞങ്ങൾ അണഞ്ഞിരിക്കുന്നു.
ചിലപ്പോഴെങ്കിലും ഞങ്ങളുടെ മാതാപിതാക്കൾ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാതിരുന്ന നേരത്തിലാവും ഞങ്ങളുടെ അമ്മയുടെ ഉദരത്തിൽ ഞങ്ങൾ ഉരുവായത്.
ഞങ്ങളുടെ ജനനത്തിനും വളർച്ചയ്ക്കുമിടയിൽ ഉപേക്ഷിക്കേണ്ടി വന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും അവരിലുമുണ്ടായിരുന്നിരിക്കാം. ചിലപ്പോഴെങ്കിലും ഞങ്ങളെ നേടുന്നതിനു വേണ്ടി അധികഠിനമായ വേദനകളിലൂടെയോ.മോശമായ ജീവിതാവസ്ഥകളിലൂടെയോ അവർക്കു കടന്നു പോകേണ്ടി വന്നിട്ടുണ്ടാവാം.
ചിലപ്പോഴെങ്കിലും സ്വന്തം ജീവനു പോലും ഭീഷണിയാകുമെന്നറിഞ്ഞിട്ടും ഞങ്ങൾക്കുവേണ്ടിയുള്ള അവരുടെ തീവ്രമായ ആഗ്രഹവും പ്രാർത്ഥനകളും കണ്ണുനീരിന്റെ ഉപ്പുരസത്തോടൊപ്പം പൊക്കിൾക്കൊടികളെ നനച്ചൊഴുകി ഞങ്ങളിലേക്കും എത്തിച്ചേർന്നിട്ടുണ്ടാവാം.
എന്നിട്ടും ദൈവീകപദ്ധതികൾക്കെതിരായി ചിന്തിക്കാതെ എല്ലാറ്റിലുമധികം മേന്മ നൽകി അവർ ഞങ്ങളെ ഹൃദയത്തിൽ സ്വീകരിക്കുക തന്നെ ചെയ്തു.
ഈശോയേ... മരണഭീതിയോടെ അമ്മയുടെ ഉദരത്തിൽ കഴിയുന്ന എല്ലാ കുഞ്ഞുമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരുടെ മേൽ കരുണയുണ്ടാകേണമേ.
അവരെ ആഗ്രഹിച്ചു സ്വീകരിക്കുവാനുള്ള മനസ്സു നൽകി മാതാപിതാക്കളെ അനുഗ്രഹിക്കേണമേ. മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപു തന്നെ അങ്ങ് അവരെയും അറിഞ്ഞിരുന്നു. ജനിക്കുന്നതിനു മുൻപ് തന്നെ അങ്ങ് അവരെ വിശുദ്ധീകരിച്ചിരുന്നു. ആ വിശുദ്ധിയുടെ കൃപ സ്വന്തമാക്കാനുള്ള അനുഗ്രഹം എല്ലാ മാതാപിതാക്കൾക്കും അങ്ങ് നൽകിയരുളേണമേ...
ഉണ്ണീശോയുടെ സംരക്ഷകനായ മാർ യൗസേപ്പിതാവേ... എല്ലാ ഗർഭസ്ഥശിശുക്കൾക്കു വേണ്ടിയും... ലോകം മുഴുവനു വേണ്ടിയും പ്രാർത്ഥിക്കേണമേ... ആമേൻ