"എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല." പ്രഭാത പ്രാർത്ഥന
കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ...
അങ്ങയുടെ സ്നേഹത്തിന്റെയും പരിപാലനയുടെയും തണലിൽ ഒരു പുതിയ പുലരി കൂടി കാണുവാൻ ഞങ്ങൾക്ക് നൽകിയ കൃപയ്ക്കായി നന്ദി പറയുന്നു. കഴിഞ്ഞ രാത്രി മുഴുവൻ അവിടുന്ന് ഞങ്ങളെ കാത്തുപാലിച്ചു. ഈ പുതിയ ദിവസത്തിന്റെ ആദ്യനിമിഷങ്ങളിൽ ഞങ്ങളുടെ ശരീരവും ആത്മാവും മനസും അങ്ങേ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു.
കർത്താവേ, അനുദിന ജീവിതത്തിലെ പലവിധമായ ഭാരങ്ങളും ചിന്തകളും ഞങ്ങളെ തളർത്തുമ്പോൾ, അങ്ങയുടെ ഈ വചനം ഞങ്ങൾക്ക് വലിയ പ്രത്യാശ നൽകുന്നു. ജീവിതത്തിലെ പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ഞങ്ങൾ ദുർബലരായി പോകാതെ, പൂർണ്ണഹൃദയത്തോടെ അങ്ങിൽ ആശ്രയിക്കുവാനുള്ള വിശ്വാസം ഞങ്ങൾക്ക് നൽകണമേ.
ഞങ്ങളുടെ തളർച്ചകളിൽ അങ്ങയുടെ ദിവ്യശക്തി ഞങ്ങളിൽ നിറയ്ക്കണമേ. കഴുകന്മാരെപ്പോലെ ഉയരങ്ങളിലേക്ക് ചിറകടിച്ചുയരാനും, പ്രതിബന്ധങ്ങളെ ധീരതയോടെ നേരിടാനും ഞങ്ങളെ പ്രാപ്തരാക്കണമേ. ഈ ദിവസത്തെ ഞങ്ങളുടെ എല്ലാ അധ്വാനങ്ങളെയും യാത്രകളെയും അവിടുന്ന് അനുഗ്രഹിക്കണമേ. ജീവിതയാത്രയിൽ ഞങ്ങൾ എത്രയൊക്കെ ഓടിയാലും തളരാതെയും, നടന്നാൽ ക്ഷീണിക്കാതെയും അങ്ങയുടെ കൃപ ഞങ്ങളെ താങ്ങിനിർത്തട്ടെ.
ഞങ്ങൾ ഇന്ന് കണ്ടുമുട്ടുന്ന എല്ലാവരിലും അങ്ങയുടെ സ്നേഹം പങ്കുവെക്കാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ വാക്കുകളും പ്രവൃത്തികളും അങ്ങേക്ക് പ്രീതികരമായിരിക്കട്ടെ. അങ്ങയുടെ സമാധാനവും സംരക്ഷണവും ഇന്ന് ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബങ്ങളുടെ മേലും ഉണ്ടായിരിക്കണമേ... വിനയത്തിന്റെ മാത്യകയായ കന്യകാമാതാവേ... ഞങ്ങളെ വിനയം പഠിപ്പിക്കണമേ... ആമേൻ