കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്റെ അധ്വാനഫലം നീ അനുഭവിക്കും;നീ സന്തുഷ്‌ടനായിരിക്കും;നിനക്കു നന്‍മ വരും. പ്രഭാത പ്രാർത്ഥന
ദിവ്യകാരുണ്യസ്ഥനായ ഞങ്ങളുടെ ഈശോയേ... അങ്ങയുടെ ദിവ്യഹൃദയ സ്നേഹത്തെ ഞങ്ങൾ ആരാധിക്കുന്നു. ആത്മാവിലും ജീവനിലും അങ്ങയെ ഉൾക്കൊള്ളാനുള്ള അതിയായ ആഗ്രഹത്തോടെ തിരുബലിയിൽ ഞങ്ങളെ കാഴ്ച്ചയണയ്ക്കുകയും എളിമയിലും. അനുതാപത്തിലും തിരുസന്നിധിയിൽ അണഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അങ്ങയെക്കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിവതില്ലെന്നും ഞങ്ങളെ ശക്തരാക്കുന്ന അങ്ങയുടെ സ്നേഹത്തിൽ ഞങ്ങൾ സകലത്തിനും മതിയായവരാണെന്നും അങ്ങറിയുന്നുവല്ലോ. ഞങ്ങളുടെ അനുദിന ജീവിതത്തിൽ ഏതെല്ലാം കാര്യങ്ങളിലാണ് ഞങ്ങളുടെ മനസ്സ് അസ്വസ്ഥമാകുന്നത്. ആരുടെയൊക്കെ തിരസ്കരണങ്ങളിലും ഒറ്റപ്പെടുത്തലുകളിലുമാണ് ഞങ്ങൾ ഹൃദയം തകർന്നവരും ദുഃഖിതരുമാകുന്നത്.
എവിടെ നിന്നൊക്കെയുള്ള ഒഴിഞ്ഞു മാറ്റങ്ങളിലും കൊട്ടിയടയ്ക്കലുകളിലുമാണ് ഇനിയും മുന്നോട്ടു പോകാനാവുമോ എന്ന ആശങ്കയാൽ ഞങ്ങൾ നൊന്തു നീറുന്നത്. ദിവ്യകാരുണ്യ ഈശോയേ... ഞങ്ങളുടെ ഏറ്റവും സ്വസ്ഥപൂരിതമായ കരുണാ സാഗരമേ... ഞങ്ങളിൽ അവിടുത്തെ ശക്തിയും സ്നേഹവും ആവോളം നിറയ്ക്കണമേ.
ഏതൊരു ഹൃദയ നോവിലും അവിടുത്തെ സാനിധ്യം തിരഞ്ഞു ജീവിക്കാൻ തിരുബലിയുടെ പുണ്യ യോഗ്യതയിലും അവിടുത്തെ അചഞ്ചല സ്നേഹത്തിലും ഞങ്ങൾക്കു കരുത്തു പകരണമേ. ഞങ്ങളുടെ അനുദിന ജീവിതത്തിൽ അവിടുത്തെ എളിയതും മറഞ്ഞിരിക്കുന്നതുമായ അനന്ത കാരുണ്യവും സമാധാന സന്തോഷവും കണ്ടെത്താൻ കൃപയേകി ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയിൽ അഭയമണയ്ക്കുകയും ചെയ്യണമേ... പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ