തിന്‍മയില്‍ നിന്നു നാവിനെയും വ്യാജഭാഷണത്തില്‍ നിന്ന് അധരങ്ങളെയും സൂക്‌ഷിച്ചു കൊള്ളുവിന്‍. പ്രഭാത പ്രാർത്ഥന
ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ... അനുഗ്രഹീതമായ ഈ ദിവസത്തിനും ഇന്നുവരെ ഞങ്ങളുടെ ജീവിതത്തിൽ അവിടുന്നു ചൊരിഞ്ഞ എല്ലാ ദാനങ്ങൾക്കും ഹൃദയപൂർവം ഞങ്ങൾ നന്ദി പറയുന്നു.
ജീവിതത്തിൽ പലപ്പോഴും അങ്ങയോടൊപ്പമോ അങ്ങേയ്ക്കു വേണ്ടിയോ ഞങ്ങളുടെ കുറച്ചധികം സമയമോ കഴിവുകളോ ചിലവഴിക്കുമ്പോൾ അതിൽ നിന്നൊക്കെ ഞങ്ങൾക്ക് എന്തൊക്കെയോ സ്വാർത്ഥലാഭങ്ങളും നേട്ടങ്ങളുമുണ്ടാവുന്നുണ്ടെന്ന മനോഭാവത്തോടെ ഏറ്റവുമടുത്തവർ പോലും ഞങ്ങളെ പരിഹസിക്കുകയും മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യരാക്കുകയും ചെയ്യാറുണ്ട്.
ഈശോയേ... അവിടുന്നാണ് ഞങ്ങളുടെ കർത്താവ്... അങ്ങിൽ നിന്നല്ലാതെ ഞങ്ങൾക്കൊരു നന്മയും സന്തോഷവുമില്ല. ജീവിതത്തിലെ ഇടർച്ചകളിലും പ്രലോഭനങ്ങളിലും നഷ്ടധൈര്യരാകാതെ അങ്ങാഗ്രഹിക്കുന്നതു പോലെ പ്രത്യുത്തരിക്കാൻ ഞങ്ങൾക്കു കൃപ നൽകണമേ.
അങ്ങിൽ മാത്രം ഹൃദയമുറപ്പിച്ചു ജീവിക്കാനും. അവിടുത്തെ തണലിൽ എന്നും ഞങ്ങളുടെ പ്രത്യാശയും ഭദ്രതയും കണ്ടെത്തുവാനും അനുഗ്രഹമരുളുകയും ചെയ്യണമേ... നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ