ഇതാ, ദൈവമാണ് എന്റെ സഹായകന്‍,കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍. പ്രഭാത പ്രാർത്ഥന
കാരുണ്യവനായ ഞങ്ങളുടെ നല്ല ഈശോയേ... സഹജരോടുള്ള കരുണയിലും ദൈവാശ്രയബോധത്തിലും ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളവിടുത്തെ സന്നിധിയിൽ അണയുന്നു.
ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഒന്നു പങ്കുവച്ചാൽ കുറയുന്ന ഞങ്ങളുടെ സങ്കടങ്ങളും. പകുത്തെടുത്താൽ കുറയുന്ന ഞങ്ങളുടെ ഹൃദയഭാരങ്ങളുമായി അത്രയേറെ വിശ്വസ്ഥരും പ്രിയപ്പെട്ടവരുമായവരെ ഞങ്ങൾ സമീപിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഞങ്ങളാഗ്രഹിക്കുന്ന സമാശ്വാസത്തിനു പകരം ഞങ്ങളോട്ടും ആഗ്രഹിക്കാത്ത സഹതാപമോ.
അവരുടെ ആവശ്യനേരങ്ങളിൽ ഞങ്ങളുടെ നേരെ പ്രയോഗിക്കാനുള്ള ഒരായുധമോ ആയി ഞങ്ങളുടെ സങ്കടങ്ങൾ പരിഹസിക്കപ്പെടുന്നത് പലപ്പോഴും ഞങ്ങൾക്ക് മറ്റൊരു തീരാവേദനയ്ക്ക് കാരണമാകുന്നു.
ഈശോയേ... ഞങ്ങളുടെ എല്ലാ ദുഃഖങ്ങൾക്കും കുറവുകൾക്കും ഉപരിയായി അങ്ങയിൽ ആശ്രയം കണ്ടെത്താനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ നിരാശയുടെ നിമിഷങ്ങളിലൊക്കെയും അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കുകയും. ഏറെ ഹൃദ്യമായ ഒരടുപ്പവും വിശ്വാസവുമേകി അങ്ങയോട് ഞങ്ങളെ ചേർത്തു നിർത്തുകയും ചെയ്യണമേ.
എല്ലാറ്റിലുമുപരി ഞങ്ങളുടെ എല്ലാ ഹൃദയവിചാരങ്ങളും മാനസിക സംഘർഷങ്ങളും അങ്ങയോട് പങ്കുവയ്ക്കാനുള്ള തുറവിയും സഹായവുമേകി അങ്ങു തന്നെ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ... ഈശോയുടെ ദിവ്യഹൃദയമേ... എൻ്റെ സ്നേഹമായിരിക്കണമേ... ആമേൻ