ഉറങ്ങും മുൻപ്.........സകല തിന്മകളിലും നിന്നു കര്‍ത്താവ് നിന്നെ കാത്തുകൊള്ളും;അവിടുന്നു നിന്റെ ജീവന് സംരക്ഷിക്കും. സങ്കീര്‍ത്തനങ്ങള്‍ 121 : 7
സ്നേഹനിധിയായ ഞങ്ങളുടെ നല്ല ഈശോയേ... അങ്ങയുടെ അനന്തമായ സ്നേഹത്തിലും കരുണയിലും ആശ്രയിച്ചുകൊണ്ട് ഈ സന്ധ്യാസമയത്ത് ഞങ്ങൾ അങ്ങയുടെ തിരുസന്നിധിയിൽ അണയുന്നു. ഇന്നത്തെ ദിവസം മുഴുവൻ ഞങ്ങളെ കാത്തുപരിപാലിച്ചതിനും, അറിയുന്നതും അറിയാത്തതുമായ അപകടങ്ങളിൽനിന്ന് ഞങ്ങളെ സംരക്ഷിച്ചതിനും നന്ദി പറയുന്നു. കർത്താവേ, ഇന്നത്തെ ജീവിതയാത്രയിൽ ഞങ്ങളുടെ വാക്കുകളാലോ പ്രവൃത്തികളാലോ ചിന്തകളാലോ അങ്ങയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ ഹൃദയത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ആശങ്കകളും നിരാശകളും ഭയങ്ങളും അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. ഈശോയേ, ജീവിതഭാരങ്ങളാൽ തളർന്നിരിക്കുന്നവരെ അങ്ങ് ആശ്വസിപ്പിക്കണമേ.
രോഗികളായിരിക്കുന്നവർക്ക് സൗഖ്യവും, കടബാധ്യതകളാൽ വിഷമിക്കുന്നവർക്ക് ആശ്വാസവും, തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുഗ്രഹവും, കുടുംബങ്ങളിൽ അസ്വസ്ഥത അനുഭവിക്കുന്നവർക്ക് സമാധാനവും നൽകണമേ. കർത്താവേ, ഈ രാത്രിയിൽ ഞങ്ങളുടെ ഭവനങ്ങളെ അങ്ങയുടെ തിരുരക്തത്താൽ സംരക്ഷിക്കണമേ. ഞങ്ങളുടെ മാതാപിതാക്കളെയും മക്കളെയും സഹോദരങ്ങളെയും പ്രിയപ്പെട്ടവരെയും അങ്ങയുടെ കരുണയുടെ കരങ്ങളിൽ കാത്തുകൊള്ളണമേ. ഏകാന്തതയിൽ കണ്ണീരൊഴുക്കുന്നവർക്കും, ആരോരുമില്ലാതെ കഴിയുന്നവർക്കും, വഴിയരികിൽ അഭയമില്ലാതെ ഉറങ്ങുന്നവർക്കും അങ്ങയുടെ സ്നേഹസാന്നിധ്യം അനുഭവിക്കാൻ ഇടയാക്കണമേ.
പരിശുദ്ധ അമ്മേ, ഈ രാത്രിയിൽ ഞങ്ങളെ അങ്ങയുടെ മാതൃസ്നേഹത്താൽ പൊതിഞ്ഞു സംരക്ഷിക്കണമേ. ഈശോയേ, നാളെയെക്കുറിച്ചുള്ള ആകുലതകളെല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് സമാധാനത്തോടെ ഉറങ്ങുവാനും പുതിയൊരു പ്രഭാതത്തിലേക്ക് പ്രത്യാശയോടെ ഉണരുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.ഈശോയേ, ഞങ്ങളുടെ ജീവിതവും ഞങ്ങളുടെ കുടുംബവും ഞങ്ങളുടെ ഭാവിയും അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. ഈശോയെ ഞങ്ങളോട് കരുണ തോന്നണേ... ആമേൻ