ഉറങ്ങും മുൻപ്.........അന്ന്‌ അവന്റെ ഭാരം നിന്റെ തോളില്‍നിന്നു നീങ്ങുകയും നിന്റെ കഴുത്തിലുള്ള നുകം തകര്‍ക്കപ്പെടുകയും ചെയ്യും.ഏശയ്യാ 10 : 27

 
prayer

ഞങ്ങളുടെ നല്ല ഈശോയേ...
ഈ മനോഹരമായ സന്ധ്യാസമയത്ത് അങ്ങയുടെ തിരുസന്നിധിയിലേക്ക് ഞങ്ങൾ കടന്നുവരുന്നു. പകലുടനീളം ഞങ്ങളെ കാത്തുപരിപാലിച്ച അങ്ങയുടെ അളവറ്റ കാരുണ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ ചിന്തകളോ പ്രവർത്തികളോ വഴി അങ്ങയെ വേദനിപ്പിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമേ.
നാഥാ, അങ്ങയുടെ വചനത്തിലൂടെ അങ്ങ് ഞങ്ങൾക്ക് തരുന്ന വാഗ്ദാനം ഞങ്ങൾ വിശ്വസത്തോടെ ഏറ്റുപറയുന്നു: "അന്ന്‌ അവന്റെ ഭാരം നിന്റെ തോളില്‍നിന്നു നീങ്ങുകയും നിന്റെ കഴുത്തിലുള്ള നുകം തകര്‍ക്കപ്പെടുകയും ചെയ്യും"
കർത്താവേ, ജീവിതത്തിന്റെ പ്രതിസന്ധികളും ഭാരങ്ങളും കാരണം ഞങ്ങളുടെ മനസ്സ് തളർന്നിരിക്കുന്ന നിമിഷമാണിത്. ഞങ്ങളുടെ തോളിൽ അമർന്നിരിക്കുന്ന വിഷാദത്തിന്റെ, രോഗത്തിന്റെ, സാമ്പത്തിക തകർച്ചയുടെ, പാപത്തിന്റെ ഭാരങ്ങളെല്ലാം ഈ സന്ധ്യയിൽ അങ്ങയുടെ കുരിശിൻചുവട്ടിൽ ഞങ്ങൾ ഇറക്കിവെക്കുന്നു. ഞങ്ങളെ തളർത്തുന്ന, മുന്നോട്ട് പോകാൻ അനുവദിക്കാത്ത എല്ലാ അടിമത്വത്തിന്റെ നുകങ്ങളെയും അങ്ങയുടെ ശക്തമായ കരങ്ങളാൽ തകർക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ ഞങ്ങളുടെ മേലുള്ള എല്ലാ കെട്ടുകളും അഴിഞ്ഞുമാറട്ടെ.  ദൈവമേ,
പകൽ മാറി രാത്രിയാകുന്ന ഈ സമയത്ത് ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ വിശ്രമം തേടുന്നു. ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളെത്തന്നെയും പൂർണ്ണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈ രാത്രിയിൽ ഉണ്ടാകാനിടയുള്ള എല്ലാ തിന്മയുടെ ശക്തികളിൽ നിന്നും അനാവശ്യ ഭയങ്ങളിൽ നിന്നും ദുഃസ്വപ്നങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ.
യേശുനാഥാ, അങ്ങു തരുന്ന സ്വാതന്ത്ര്യവും സമാധാനവും കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളേയും മുദ്രയിടണമേ. അങ്ങയുടെ വിശുദ്ധ മാലാഖമാർ ഞങ്ങൾക്ക് ചുറ്റും കാവൽ നിൽക്കട്ടെ.
എല്ലാ ചിന്തകളും ആകുലതകളും മാറ്റി അങ്ങയുടെ സംരക്ഷണയിൽ സമാധാനമായി ഉറങ്ങാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. നാളത്തെ പുലരിയിലേക്ക് പുതിയ പ്രത്യാശയോടെയും ശക്തിയോടെയും ആരോഗ്യത്തോടെയും ഉണരുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ. മാതാവേ, വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ...
ആമേൻ

Tags

Share this story

From Around the Web