ഉറങ്ങും മുൻപ്.........നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 121 : 3 

 
prayer

സ്നേഹനിധിയായ ഞങ്ങളുടെ സ്വർഗീയ പിതാവേ... അങ്ങയുടെ കരുണയാലും സംരക്ഷണത്താലും ഒരു ദിവസം കൂടി പൂർത്തിയാക്കി ഈ സന്ധ്യാസമയത്ത് അങ്ങയുടെ തിരുസന്നിധിയിൽ ഞങ്ങൾ അണയുന്നു. കർത്താവേ, ഇന്നത്തെ ദിവസത്തിൽ ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകളും മറ്റുള്ളവരെ വേദനിപ്പിച്ച വാക്കുകളും പ്രവൃത്തികളും അങ്ങയുടെ കരുണയാൽ ക്ഷമിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളിൽ നിറഞ്ഞിരിക്കുന്ന ആശങ്കകളും ഭയങ്ങളും നിരാശകളും അങ്ങയുടെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്നുപോകാതെ അങ്ങയിൽ ഉറച്ചുവിശ്വസിച്ച് മുന്നോട്ടുപോകാനുള്ള ശക്തി ഞങ്ങൾക്കു നൽകണമേ. ഈ സന്ധ്യയിൽ ഏകാന്തതയിൽ കഴിയുന്നവരെയും രോഗശയ്യയിൽ വേദനിക്കുന്നവരെയും കുടുംബപ്രശ്നങ്ങളാൽ മനസ്സുതകർന്നവരെയും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കഴിയുന്നവരെയും അങ്ങയുടെ സ്നേഹത്താൽ ആശ്വസിപ്പിക്കണമേ. കർത്താവേ, ഞങ്ങളുടെ കുടുംബങ്ങളിൽ സ്നേഹവും ഐക്യവും സമാധാനവും നിറയ്ക്കണമേ. അകന്നുപോയ ഹൃദയങ്ങളെ അടുപ്പിക്കണമേ. പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ഇന്നത്തെ അധ്വാനങ്ങളുടെയും ജീവിതഭാരങ്ങളുടെയും ക്ഷീണത്തിൽനിന്ന് ഞങ്ങൾക്ക് ആശ്വാസം നൽകണമേ. ഈ രാത്രിയിൽ ഞങ്ങളുടെ ഭവനങ്ങളെയും പ്രിയപ്പെട്ടവരെയും അങ്ങയുടെ ദിവ്യസംരക്ഷണത്തിൽ കാത്തുകൊള്ളണമേ. ഈ സന്ധ്യയുടെ നിശ്ശബ്ദതയിൽ ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ സമാധാനം നിറയട്ടെ. നാളെയുടെ പ്രഭാതം പുതിയ പ്രതീക്ഷകളുടെയും അനുഗ്രഹങ്ങളുടെയും തുടക്കമാകട്ടെ. പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി അങ്ങയുടെ തിരുക്കുമാരനോട് മാധ്യസ്ഥ്യം വഹിക്കണമേ. ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഈ പ്രാർത്ഥന സമർപ്പിക്കുന്നു... ആമേൻ

Tags

Share this story

From Around the Web