ഉറങ്ങും മുൻപ്.........അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും
ലൂക്കാ 1 : 48
പരിശുദ്ധ അമ്മേ ദൈവമാതാവേ... ഞങ്ങളുടെ വിശ്വാസത്തിനു ഉലച്ചിൽ സംഭവിക്കുമ്പോൾ, ഞങ്ങൾക്ക് ഈശോയോടുള്ള സ്നേഹത്തിൽ കുറവ് വരുമ്പോൾ അമ്മ ഞങ്ങൾക്ക് വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാൻ ശക്തി തരണമേ. പരിശുദ്ധ കന്യാമറിയമേ, അഗതികളുടെ ആലംബമായ മാതവേ. കാത്തിരുന്ന രക്ഷകനെ ഈ ലോകത്തിനു സമ്മാനിച്ച അവിടുത്തെ മാതൃത്വം അനുഗ്രഹിക്കപ്പെടുമാറാകട്ടെ. ഞങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിലും കഷ്ടപ്പാടിലും ഈശോയെ കണ്ടുമുട്ടുവാൻ അനുഗ്രഹം നൽകണമേ. കാലിത്തൊഴുത്തിൽ ഈശോക്ക് ജന്മം നൽകുകയും കാൽ വരിയിൽ ജീവാർപ്പണം ചെയ്യുംവരെ അനുധാവനം ചെയ്ത അങ്ങ് ഞങ്ങൾക്കും ശക്തിപകരണമേ. വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുവാൻ സഹനങ്ങളിൽ പിടിച്ചു നിൽക്കുവാൻ. തളരാതെ കുടുംബത്തിനും സമൂഹത്തിനും വേണ്ടി അദ്ധ്വാനിക്കുവാൻ. മറ്റുള്ളവർക്ക് ഈശോയെ പകർന്നു നൽകുവാൻ. ഉത്തമമായ മാതൃക നൽകി ഈ ജീവിതം ധന്യമാക്കുവാൻ അമ്മേ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ... വിനയത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങൾ അങ്ങിൽ നിന്നും ഞങ്ങൾ അഭ്യസിക്കട്ടെ. സ്ഥിരോൽസാഹത്തോടും ധർമ്മനിഷ്ഠയോടും കൂടി ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ ശക്തി നൽകണേ എന്ന് ഈശോയുടെ പക്കൽ മാധ്യസ്ഥം പ്രാർത്ഥിക്കണേ... അമലോൽഭവയും സ്വർഗ്ഗാരോപിതയുമായ കന്യാമാതാവേ... എല്ലാ മക്കളെയും പാപത്തിൽ നിന്നകന്ന് കൃപയിൽ ജീവിക്കുവാൻ കൃപ നൽകണേ. സർഗ്ഗത്തിലെത്തുന്നതുവരെ ഈശോയിൽ വളരുവാൻ മുന്നേറുവാൻ ഇടയാക്കണമേ.
പരിശുദ്ധ അമ്മേ മാതൃവാൽസല്യം നിറഞ്ഞ് അങ്ങേ മക്കൾക്കായി ഈശോയുടെ പക്കൾ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ. സ്നേഹത്തിന്റെ കുളിർമഴ തൂകി ഞങ്ങൾക്ക് വഴി കാണിക്കണേ... ആമേൻ