ഉറങ്ങും മുൻപ്.........കര്‍ത്താവേ, അവിടുന്ന് എനിക്കുവേണ്ടി ന്യായവാദം നടത്തി; അവിടുന്ന് എന്റെ ജീവനെ രക്ഷിച്ചു.വിലാപങ്ങള്‍ 3 : 58
വിശുദ്ധിയിലേക്ക് ഞങ്ങളെ വിളിച്ച കർത്താവേ... അങ്ങേപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല. ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് ലഭിക്കുന്ന പ്രത്യാശ അങ്ങേ ജനത്തിന് ഈ നിമിഷം നൽകണമേ. ഉത്തരമില്ലാത്ത പ്രാർത്ഥനകൾക്ക് പ്രത്യുത്തരിക്കുവാൻ അവിടുന്ന് മടിക്കരുതേ. പിശാചിന്റെ കുതന്ത്രങ്ങളിൽ ഞങ്ങൾ കാലിടറിപ്പോകുവാൻ ഇടയാകുമാറു ജീവിതക്ലേശങ്ങൾ അടിയങ്ങൾക്ക് നൽകരുതേ. വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയെ ദൈവം വഴിനടത്തുവാൻ. പാപങ്ങൾ സകലതും ഏറ്റെടുത്ത് കുരിശിൽ യാഗമായി. സ്നേഹം സകലതും ക്ഷമിക്കുന്നു. ദൈവസ്നേഹത്തെക്കാൾ വലിയ സ്നേഹമില്ല ഈ ലോകത്തിൽ. അളന്നു തൂക്കി സ്നേഹം കൊടുക്കുന്ന മനുഷ്യർക്കിടയിൽ ദൈവസ്നേഹത്തിന്റെ മാതൃകയാകുവാൻ ഞങ്ങളെ ധൈര്യപ്പെടുത്തണമേ. ആവശ്യങ്ങൾ ഒന്നിടമുറിയാതെ വന്നു കൊണ്ടിരിക്കുന്നു. ഇത്ര ചെറിയ ജീവിതത്തിൽ എത്രയധികമാണ് മനുഷ്യന്റെ ആഗ്രഹങ്ങൾ ? ദൈവത്തെ ആഗ്രഹിക്കുന്നവരുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി അനേകം ആത്മാക്കളെ അവിടുന്ന് ഉയർത്തണമേ. ഈ പാപത്തിന്റെ കാലഘട്ടത്തിൽ. സമരം ചെയുന്ന പടയാളിയെപ്പോലെ ഞങ്ങൾ മുന്നേറുവാൻ അവിടുന്ന് കൃപ തരണമേ. മരക്കുരിശിൽ ചിന്തിയ രക്തത്തിന്റെ വിലയേറിയ യോഗ്യതയാൽ ഞങ്ങളുടെ പാപകടങ്ങൾ മോചിച്ച് ഞങ്ങളെ വീണ്ടെടുക്കണമേ... പിതാവായ ദൈവത്തിന്റെ കരുണയിൽ... പുത്രനായ ദൈവത്തിന്റെ സ്നേഹത്തിൽ... പരിശുദ്ധ റൂഹായുടെ സഹവാസത്തിൽ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ... ആമേൻ